Site icon Janayugom Online

കുതിച്ചുയര്‍ന്ന് വ്യവസായ മേഖല

നാളുകള്‍ പിന്നിടുന്തോറും വ്യവസായ മേഖല കുതിച്ചുയരുകയാണ്. സംരംഭകരെ സൃഷ്ടിക്കാന്‍ സഹായിക്കുന്നതിനൊപ്പം ആശയങ്ങളെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയുന്നുവെന്നത് ഈ സര്‍ക്കാരിന്റെ കാലത്ത് വ്യവസായ വകുപ്പിന്റെ നേട്ടങ്ങള്‍ക്ക് കാരണമാകുന്നു. വ്യവസായ മേഖലയിലുള്ള പരാതികള്‍ പരമാവധി ഇല്ലാതാക്കുന്നതിനും പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുന്നതിനും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാനുമാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കിവരുന്നത്.

വ്യവസായ സംരംഭങ്ങള്‍ക്ക് അംഗീകാരപത്രം നല്കുന്ന ഓണ്‍ലൈന്‍ ഏകജാലക സംവിധാനമായ കെ- സ്വിഫ്റ്റിന്റെ പുതിയ പതിപ്പ് തുടങ്ങിയതും നേട്ടങ്ങളിലൊന്നായിരുന്നു. വ്യവസായ മേഖലയെ ക്രിയാത്മകമായി രൂപപ്പെടുത്തുന്നതിന്റെ ഭാഗമാണ് പരാതി പരിഹാര സംവിധാനം. സിവില്‍ കോടതിയുടെ അധികാരമുള്ള സംവിധാനമാണിത്. ഓരോ ജില്ലയിലും പരാതി പരിഹാര സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ സര്‍ക്കാരിന്റെ ലോകോത്തര നിക്ഷേപക പദ്ധതികളായിരുന്നു വ്യവസായവല്‍ക്കരണവും പുരോഗതിയും കൈവരിക്കുന്നതിനായി തയ്യാറാക്കിയ പ്രത്യേക പദ്ധതിയായ കൊച്ചി — ബംഗളൂരു വ്യവസായ ഇടനാഴിയും കേരളത്തിലെ ആദ്യ ലൈഫ് സയന്‍സ് പാര്‍ക്കായ ബയോ 360 — ലൈഫ് സയന്‍സസ് പാര്‍ക്കും. കേരളത്തില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ‘സ്വകാര്യ വ്യവസായ പാര്‍ക്ക് പദ്ധതി’ ആരംഭിച്ചിരിക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ 386.68 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം കൈവരിച്ചു. 23 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടം കുറച്ച് വരികയാണ്. 

ഖാദി ഉല്പന്നങ്ങള്‍ ആഗോള ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനായി ‘കേരള ഖാദി’ എന്ന പ്രത്യേക ബ്രാന്‍ഡ് പുറത്തിറക്കിയതായിരുന്നു വ്യവസായ വകുപ്പിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. യുവതലമുറയെ ആകര്‍ഷിക്കുന്ന നൂതന വസ്ത്ര ശൈലികള്‍ വികസിപ്പിച്ചെടുത്തതിന് പിന്നാലെ. ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി 7,000 പുതിയ സംരംഭങ്ങള്‍ തുടങ്ങാനും തീരുമാനമായി. സ്വകാര്യ കശുവണ്ടി വ്യവസായത്തിനുള്ള പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നിര്‍ദേശിച്ചു. 10 കോടി രൂപ വരെയുള്ള വായ്പകളുടെ പലിശ പൂര്‍ണമായും എഴുതിത്തള്ളാനും തീരുമാനിച്ചു. രണ്ടു കോടി രൂപ വരെ വായ്പയായി എടുത്തിട്ടുള്ള സംരംഭകര്‍ക്ക് മൂലധനത്തിന്റെ പകുതി തിരികെ നല്കും. രണ്ടു കോടി മുതല്‍ 10 കോടി രൂപ വരെ വായ്പയെടുത്തവര്‍ അവരുടെ 60 ശതമാനം തിരിച്ചടയ്ക്കണം. ഈ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി ഏകദേശം 500 കോടി രൂപ എഴുതിത്തള്ളും. 

Exit mobile version