സാമൂഹ്യജീവിതത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്തി സാമൂഹ്യനീതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെയുമെല്ലാം മുഖ്യധാരയിലേക്ക് ചേര്‍ത്തുനിര്‍ത്തുന്നതിന് ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് സാമൂഹ്യനീതി വകുപ്പിന്റെ പട്ടികയിലുള്ളത്. വയോജനപരിപാലനത്തിലെ മികച്ച ദേശീയ മാതൃകയായി കേരളത്തെ തിരഞ്ഞെടുത്ത് ’ വയോശ്രേഷ്ഠ സമ്മാൻ ’ നൽകി കേന്ദ്രസർക്കാർ കേരളത്തെ ആദരിച്ചത് ഈ രംഗത്ത് നടപ്പിലാക്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി. ‘രക്ഷിതാക്കളുടെയും മുതിർന്ന പൗരരുടെയും ക്ഷേമം ഉറപ്പാക്കൽ നിയമം ‘ഏറ്റവും മികച്ച നിലയിൽ നടപ്പാക്കിയ സംസ്ഥാനം എന്നതാണ് കേരളത്തെ പുരസ്കാരത്തിന് അർഹമാക്കിയത്.
ഏതു സാഹചര്യങ്ങളിലും വയോജനങ്ങൾക്ക് ബന്ധപ്പെടാൻ ‘എൽഡർ ലൈൻ’ ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ ( 14567 ) കേരളം നിലവിൽ കൊണ്ടുവന്നു. നഗരസഭകളുമായി ചേർന്നുകൊണ്ട് 65 വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരൻമാർക്ക് മൊബൈൽ ക്ലിനിക്കിലൂടെ സൗജന്യ ചികിത്സ നൽകി ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്ന വയോമിത്രം പദ്ധതിയിൽ 95 പ്രോജക്ടുകളിലായി 2,78,623 ഗുണഭോക്താക്കൾക്ക് ആകെ 3994 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്ക് മരുന്നുകളും മറ്റനുബന്ധസാമഗ്രികളും വീട്ടിലെത്തിച്ചു നൽകുന്ന കാരുണ്യ @ ഹോം പദ്ധതി ആരംഭിച്ചു.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങളുടെ പുനരധിവാസം സാമൂഹികനീതി വകുപ്പ് ഏറ്റെടുക്കും. ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള എല്ലാ സ്ഥാപനങ്ങളിലും ഇതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ഭിന്നശേഷി ശാക്തീകരണത്തിലും സര്‍ക്കാരിന്റെ പങ്ക് പ്രകടമാണ്. 263 ഭിന്നശേഷി ബാലകർക്ക് ഹസ്തദാനം ’ പദ്ധതിയിൽ 20,000 രൂപവീതം ആദ്യ നൂറു ദിവസത്തിനകം തന്നെ സ്ഥിരനിക്ഷേപം നൽകി. വിപണി ചൂഷണത്തിൽനിന്ന് മോചിപ്പിച്ച് ആധുനിക ഭിന്നശേഷിസഹായ ഉപകരണങ്ങൾ കുറഞ്ഞ വിലയ്ക്ക് ഭിന്നശേഷിക്കാർക്ക് ലഭ്യമാക്കുന്ന സംസ്ഥാനത്തെ ആദ്യ ഷോറൂമിന്റെ നിർമ്മാണ പ്രവൃത്തി പൂജപ്പുരയിലെ സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ ആസ്ഥാനത്ത് തുടങ്ങി. സംസ്ഥാനത്താകെ ഇത്തരം ഷോറൂമുകളുടെ ശൃംഖല സ്ഥാപിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. 496 ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങളും 877 ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ വായ്പയും ആദ്യ നൂറുദിനത്തിൽത്തന്നെ നൽകി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പീച്ച് ആന്റ് ഹിയറിങ് (നിഷ്) നേതൃത്വത്തിൽ മലയാള അക്ഷരമാലയിൽ ഒരു ഏകീകൃത ആംഗ്യഭാഷാ ലിപി (ഫിങ്കർ സ്പെല്ലിങ്) രൂപകല്പന ചെയ്തു.