Site iconSite icon Janayugom Online

ജീവജലമേകി…

കേരളത്തിലെ ജലവിഭവ സ്രോതസുകളുടെ കാര്യത്തിലും ഡാമുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിലുമൊക്കെ മാതൃകാപരമായ നിലപാടുകളോടെ ജലവിഭവ വകുപ്പ്. ജലജീവന്‍ മിഷന്‍ പദ്ധതിപ്രകാരം കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് 15.09 ലക്ഷം കണക്ഷനുകളാണ് ഗ്രാമീണ മേഖലയില്‍ നല്‍കിയത്. ഇതോടെ ഗ്രാമീണമേഖലയില്‍ 32.58 ലക്ഷം വീടുകളില്‍ ടാപ്പുവഴി കുടിവെള്ള കണക്ഷന്‍ എത്തിക്കാന്‍ കഴിഞ്ഞു. 70.68 ലക്ഷം ഗ്രാമീണ വീടുകളാണ് സംസ്ഥാനത്തുള്ളത്. ജലജീവന്‍ പദ്ധതിക്കു മുമ്പ് 17.45 ലക്ഷം വീടുകളിലാണ് കുടിവെള്ള കണക്ഷന്‍ ഉണ്ടായിരുന്നത്. എല്ലാ ഗ്രാമീണവീടുകളിലും പൂര്‍ണമായും ടാപ്പ് കണക്ഷന്‍ ലഭ്യമാക്കാന്‍ ഇനി 38.09 ലക്ഷം വീടുകളില്‍ കൂടി 2024ഓടെ കണക്ഷന്‍ നല്‍കണം. 40,000 കോടി രൂപയാണ് ജലജീവന്‍ മിഷന്‍ പദ്ധതിയുടെ മൊത്തം അടങ്കല്‍ത്തുക. 2300 കോടിയില്‍പ്പരം രൂപ ജലജീവന്‍ മിഷന്‍ പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് ഇതുവരെ ചെലവഴിച്ചിട്ടുണ്ട്.
10 കോടി രൂപ മുതല്‍ 10,000 ലിറ്റര്‍ ശേഷിയുള്ള മഴവെള്ള സംഭരണികള്‍ ആയിരത്തോളം വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കി. ഇതിനു പുറമേ 500 വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് കിണര്‍ റീചാര്‍ജിങ് സൗകര്യവും ഒരുക്കി. അമൃത് പദ്ധതിയുടെ കീഴില്‍ നഗര പ്രദേശങ്ങളിലെ കുടിവെള്ള വിതരണം മെച്ചപ്പെടുത്തുന്നതിനും മലിനജല സംസ്കരണത്തിനുമുള്ള നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുകയും ചെയ്തു. തിരുവനന്തപുരത്തും കൊച്ചിയിലും രണ്ടു പ്രധാന പദ്ധതികള്‍ പൂര്‍ത്തീകരിച്ചു.

 

 

തീര സംരക്ഷണത്തിനായി അഞ്ചുവര്‍ഷത്തിനുള്ളില്‍ 5300 കോടി രൂപയുടെ പദ്ധതിയാണ് മാറ്റിവച്ചിരിക്കുന്നത്. 2018ലെ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നദികളുടെ ഒഴുക്ക് സുഗമമാക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചു. പദ്ധതി പ്രഖ്യാപിച്ച് 100 ദിനങ്ങളില്‍ ഒരു കോടി ഘന മീറ്റര്‍ മണ്ണും മാലിന്യവും ഇപ്രകാരം നീക്കുകയും ചെയ്തു. രാജ്യത്താദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ജനകീയ ജലബജറ്റ് തയ്യാറായത് സംസ്ഥാനത്ത് ആണ്. ആദ്യഘട്ടത്തിൽ 94 ഗ്രാമപഞ്ചായത്തുകളിലാണ് ജലബജറ്റ് തയ്യാറാക്കിയത്. തിരഞ്ഞെടുത്ത 15 ബ്ലോക്ക് പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്തുകളിൽ നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജനകീയ പങ്കാളിത്തത്തോടെയാണ് ജലബജറ്റ് തയ്യാറാക്കിയത്.  ആധുനീകരണത്തിന്റെ പാതയില്‍ ജല അതോറിട്ടി

വിവിധ മേഖലകളില്‍ നൂതന ‍ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ആധുനീകരണത്തിന്റെ പാതയിലാണ് ജല അതോറിട്ടി. കുടിവെള്ള ചാര്‍ജ് ഓണ്‍ലൈന്‍ ആയി അടയ്ക്കാന്‍ ക്വിക് പേ സംവിധാനം ഏര്‍പ്പെടുത്തി. ജലഗുണനിലവാര പരിശോധനയ്ക്കും ഓണ്‍ലൈന്‍ വഴി പണമടയ്ക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയും ശ്രദ്ധേയ പദ്ധതികളാണ്. കുടിവെള്ള‑സിവറേജ് കണക്ഷനുകള്‍ക്കുള്ള അപേക്ഷ പൂര്‍ണമായും ഇ- ടാപ്പ് എന്ന ഓണ്‍ലൈന്‍ സംവിധാനം വഴിയാക്കി. മീറ്റര്‍ റീഡിങ് ഉപഭോക്താക്കള്‍ക്ക് സ്വയം നിര്‍ണയിക്കാന്‍ സഹായിക്കുന്ന കെ- സെല്‍ഫ് എന്ന സെല്‍ഫ് മീറ്റര്‍ റീഡിങ് ആപ്പ്, മീറ്റര്‍ റീഡര്‍മാര്‍ക്ക് റീഡിങ് നടത്താനായി മീറ്റര്‍ റീഡേഴ്സ് ആപ് എന്നിവയും നിലവില്‍ വന്നു. കൂടുതല്‍ ഉപഭോക്താക്കളെ പേപ്പര്‍ ബില്‍ ഒഴിവാക്കി എസ്എംഎസ് വഴി മാത്രം നല്‍കുന്ന പേപ്പര്‍ രഹിത ബില്ലിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങളും നടത്തിവരികയാണ്. ഗുണനിലവാര പരിശോധനാ മേഖലയില്‍ ജലജീവന്‍ മിഷന്‍ പദ്ധതി വഴി 82 ജലപരിശോധനാ ലാബുകള്‍ക്ക് ദേശീയ ഏജന്‍സിയായ എന്‍എബിഎല്ലിന്റെ അംഗീകാരം നേടിയെടുക്കാനും കഴിഞ്ഞു.

 

 

കുറഞ്ഞ വിലയില്‍ ഹില്ലി അക്വ

രാജ്യാന്തര നിലവാരത്തിലുള്ള ശുദ്ധീകരണ സംവിധാനത്തോടെ കുറഞ്ഞ വിലയില്‍ ഹില്ലി അക്വ വിപണിയില്‍ സുലഭമായി കുപ്പിവെള്ളം ലഭ്യമാക്കി. സ്വകാര്യ കമ്പനികള്‍ 20 രൂപയ്ക്ക് വില്‍ക്കുന്ന കുപ്പിവെള്ളം 15 രൂപയ്ക്കാണ് പൊതുവിപണിയില്‍ ഹില്ലി അക്വ വില്‍ക്കുന്നത്.

Exit mobile version