Site icon Janayugom Online

ജനങ്ങള്‍ സമ്മാനിച്ച രണ്ടാമൂഴത്തിന് ഒരു വയസ്

ദുരന്തങ്ങളും ദുരിതങ്ങളും വേട്ടയാടിയ അഞ്ചാണ്ടിലെ കരുതലിന് ജനഹൃദയങ്ങള്‍ നല്‍കിയ സമ്മാനമായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം. പ്രതിസന്ധികള്‍ക്കിടയിലും ജനക്ഷേമത്തോടൊപ്പം നാടിന്റെ വികസനവും മുടക്കമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്ന തുടര്‍ഭരണത്തിന്റെ ഒന്നാം വാര്‍ഷികം കൊണ്ടാടുന്നതും ജനകീയമായെന്നത് അതേ വിശ്വാസം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ്. 14 ജില്ലകളിലും അത്യാവേശപൂര്‍വമാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം ജനലക്ഷങ്ങളുടെ പങ്കാളിത്തത്തോടെ നടന്നത്.

ഒരുമാസക്കാലത്തെ ആഘോഷ പരിപാടികള്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപ്തിയാകുമ്പോഴും ഇടതുസര്‍ക്കാരിന്റെ ജനസമ്മിതി കൂടിക്കൊണ്ടിരിക്കുന്നു. അതിന്റെ തെളിവാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണമുന്നേറ്റവും ജനകീയ പിന്തുണയും സര്‍ക്കാരിനെ കൂടുതല്‍ പ്രശോഭിതമാക്കും. 50 ഇനങ്ങളിലായി 900 വാഗ്ദാനങ്ങളായിരുന്നു പ്രകടനപത്രികയില്‍ പറഞ്ഞിരുന്നത്.

ഇതില്‍ 765 ഇനങ്ങളിലെ നടപടികളും ആദ്യവര്‍ഷത്തില്‍ തന്നെ ഏറെക്കുറെ പൂര്‍ത്തിയാക്കി. വാഹന-ജനസാന്ദ്രത കൂടിയ സംസ്ഥാനത്തെ ഗതാഗത വേഗത ദേശീയ ശരാശരിയേക്കാള്‍ ഏറെ താഴെയാണ്. ഇത് കേരളത്തിന്റെ വളര്‍ച്ചയുടെയും വ്യാവസായിക മുന്നേറ്റത്തിന്റെയും വേഗം കുറയ്ക്കുന്നുണ്ട്. അതിനെ മറികടക്കുകയെന്ന ഇടതുപക്ഷ മുന്നണിയുടെ പ്രഖ്യാപിത ലക്ഷ്യമാണ് സില്‍വര്‍ ലൈന്‍ പദ്ധതി. സമ്പൂര്‍ണ ദാരിദ്ര്യനിര്‍മ്മാര്‍ജനമെന്ന ഏറ്റവും കാതലായ ലക്ഷ്യത്തിലേക്ക് അതിവേഗം പ്രവേശിക്കാനുള്ള ശ്രമം തുടരുകയാണ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയെ ലോകത്തിന്റെ ഉന്നതിയില്‍ എത്തിച്ചു.

തൊഴില്‍, വ്യാവസായിക രംഗത്തെ മാറ്റങ്ങള്‍ ഭാവി കേരളത്തിന്റെ ഈടുവയ്പ്പാണ്. 40 ലക്ഷം തൊഴിലവസരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. യുവാക്കളെ തൊഴില്‍ ദാതാക്കളായി മാറ്റുക എന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കുന്നതിന് ഉന്നത വിദ്യാഭ്യാസ, ഐടി രംഗത്തെ പദ്ധതികള്‍ ശ്രദ്ധേയമാണ്. ഭക്ഷ്യ‑പൊതുവിതരണ, കാര്‍ഷിക മേഖലകളിലും ക്ഷീരവ്യവസായ രംഗത്തും മുന്‍ സര്‍ക്കാരിന്റെ തുടര്‍ച്ചയെന്നോണം വന്‍ കുതിപ്പുണ്ടാക്കിയിരിക്കുന്നു.

സഹകരണ മേഖലയെ സംരക്ഷിക്കുന്നതിനും കൂടുതല്‍ ശക്തമാക്കുന്നതിനും കേരളം കാണിക്കുന്ന മാതൃക ഉദാത്തമാണ്. 100 ശതമാനം വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ സംസ്ഥാനം ഊര്‍ജസ്വയംപര്യാപ്തതയിലേക്ക് എത്തുന്നതിനുള്ള നടപടികളിലാണ്. ലൈഫ് മിഷന്റെ ഭാഗമായി 20,000 പേര്‍ക്ക് വീടുകളും മൂന്ന് ഭവന സമുച്ചയങ്ങളിലും പുനര്‍ഗേഹം പദ്ധതിയിലുമായി 532 പേര്‍ക്ക് താമസസൗകര്യവും 15,000 പേര്‍ക്ക് പട്ടയവും നല്‍കിക്കഴിഞ്ഞു. ഒരു വര്‍ഷം പിന്നിടുന്നതിനിടെ രണ്ട് നൂറുദിന പദ്ധതികളാണ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്.

ഒന്നാം നൂറുദിന പദ്ധതികളില്‍ പ്രഖ്യാപിച്ചതിനേക്കാളധികം നടപ്പാക്കാനായി. രണ്ടാം നൂറുദിന പദ്ധതിയും ഫലപ്രദമായാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഓരോ വര്‍ഷത്തെയും പ്രവര്‍ത്തന പുരോഗതി ജനസമക്ഷം സമര്‍പ്പിക്കുക എന്ന മുന്‍ സര്‍ക്കാരിന്റെ നയം തുടരും. ജൂണ്‍ രണ്ടിനാണ് സര്‍ക്കാര്‍ അതിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന പുരോഗതി പ്രഖ്യാപിക്കുന്നത്.

Eng­lish summary;ldf gov­ern­ment cel­e­brates One year of sec­ond phase

you may also like this video;

Exit mobile version