Site icon Janayugom Online

കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ബദൽ ഉയർത്തുന്നത് എൽഡിഎഫ് സർക്കാർ: കാനം

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെ ബദൽ ഉയർത്തുന്നത് എൽഡിഎഫ് സർക്കാരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. നവീകരിച്ച കേരള സ്റ്റേറ്റ് ചെത്ത് തൊഴിലാളി ഫെഡറേഷൻ (എഐടിയുസി ) സംസ്ഥാന കമ്മറ്റി ഓഫീസായ ചടയം മുറി സ്മാരകത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്തെ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ എങ്ങനെ ഇല്ലാതാക്കാമെന്ന് കേന്ദ്ര സർക്കാർ ഗവേഷണം നടത്തുകയാണ്. തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉൾപ്പെടെ ഇല്ലാതാക്കുന്ന സമീപനങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി തൊഴിലാളികളെ സംരക്ഷിക്കുവാൻ എൽഡിഎഫ് സർക്കാർ നിയമ നിർമ്മാണങ്ങൾ നടത്തുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് എൽഡിഎഫിന്റെ വികസന നയമെന്നും കാനം കൂട്ടിച്ചേർത്തു. പരമ്പരാഗത വ്യവസായങ്ങളെ നിലനിർത്തുവാൻ ഒട്ടേറെ നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ പി രാജേന്ദ്രൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി എൻ രമേശൻ സ്വാഗതവും നിർമ്മാണ കമ്മറ്റി കൺവീനർ ഡി പി മധു നന്ദിയും പറഞ്ഞു. ജോർജ്ജ് ചടയംമുറി, കെ പി പ്രഭാകരൻ, സി കെ കേശവൻ എന്നിവരുടെ ഫോട്ടോ അനാഛാദനം എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു നിർവഹിച്ചു. 

സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, പി പി ചിത്തരഞ്ജൻ എംഎൽഎ, എഐടിയുസി നേതാക്കളായ പി രാജു, എ ശിവരാജൻ, വി മോഹൻദാസ്, സിപിഐ നേതാക്കളായ പി വി സത്യനേശൻ, ദീപ്തി അജയകുമാർ, ജി കൃഷ്ണപ്രസാദ്‌, ഫെഡറേഷൻ നേതാക്കളായ മുണ്ടപ്പള്ളി തോമസ്, ഷാജി കുമാർ, കെ സലിം കുമാർ, ഇ സി സതീശൻ, എം വി സുകുമാരൻ, പി ജ്യോതിസ്, ആലപ്പുഴ നഗരസഭാ വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ, പ്രദീപ് ചടയംമുറി തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry : ldf gov­ern­ment is only oppos­ing cen­tral gov­ern­ments anti labour policies

You may also like this video :

Exit mobile version