Site iconSite icon Janayugom Online

എല്‍ഡിഎഫ് സര്‍ക്കാര്‍ നാലാം വർഷത്തിലേക്ക്: സമാനതകളില്ലാത്ത വികസനം

KeralaKerala

സമാനതകളില്ലാത്ത വികസന, ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ നാലാം വർഷത്തിലേക്ക്‌. 2016 മുതൽ തുടക്കമിട്ട വൻകിട വികസന പദ്ധതികളും പ്രഖ്യാപനങ്ങളും ലക്ഷ്യം കാണുന്ന വർഷമായി നാലാം വർഷം മാറും. അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറുകയും പതിറ്റാണ്ടുകളായി കാണുന്ന സ്വപ്‌നമായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാവുകയും ചെയ്യും. നിലവിൽ 80 ശതമാനം നിർമ്മാണം പൂർത്തിയാക്കിയ ദേശീയ ജലപാതയും ഈ വർഷം തുറന്നു നല്‍കും.
കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന ദേശീയപാത 66, കെ ഫോൺ പദ്ധതി എന്നിവ പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്‌. ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്കും അതിവേഗം നീങ്ങുകയാണ്‌. ലൈഫ്‌ പദ്ധതി വഴി അഞ്ച് ലക്ഷം വീട്‌ അനുവദിച്ചതിൽ നാലു ലക്ഷത്തിലധികം പൂർത്തിയായി. ഒന്നാം എല്‍ഡിഎഫ് സർക്കാർ അഞ്ചു വർഷത്തിൽ 1,77,011 പട്ടയങ്ങൾ വിതരണം ചെയ്‌തപ്പോൾ ഈ സർക്കാർ മൂന്നു വർഷത്തിനുള്ളിൽ 1,53,103 പട്ടയങ്ങളാണ്‌ വിതരണം ചെയ്‌തത്‌. 1600 രൂപ വീതം 62 ലക്ഷം പേർക്കാണ്‌ ക്ഷേമ പെൻഷൻ നൽകുന്നത്‌. 

രാജ്യത്തെ ആദ്യ വാട്ടർ മെട്രോ കൊച്ചിയിൽ യാഥാർത്ഥ്യമായതും ഈ വർഷമാണ്‌. ഒന്നാം എല്‍ഡിഎഫ് സർക്കാർ പൊതു വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയപ്പോൾ തുടര്‍സർക്കാർ ഉന്നത വിദ്യാഭ്യാസ രംഗത്താണ്‌ ശ്രദ്ധ കേന്ദ്രീകരിച്ചത്‌. ഈ ലക്ഷ്യം വിജയം കാണുന്നതിന്റെ തെളിവാണ്‌ കേരളത്തിലെ സർവകാലാശാലകൾക്ക്‌ ഈ വർഷം ലഭിച്ച അംഗീകാരങ്ങൾ.
രാജ്യത്തെ ആദ്യ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി യാഥാര്‍ത്ഥ്യമായി. ഐടി മേഖലയിൽ നൂറിലധികം കമ്പനികളെ പുതുതായി എത്തിക്കാനും പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമായി. വ്യവസായ സൗഹൃദ റാങ്കിങ്ങിൽ 28ൽ നിന്ന്‌ 15 ലേക്കാണ്‌ കേരളം കുതിച്ചത്‌.
കേന്ദ്ര സർക്കാർ സൃഷ്ടിച്ച പ്രതിബന്ധങ്ങൾ തരണംചെയ്‌ത്‌ ജനക്ഷേമ, വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനായി എന്നതാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ മൂന്നാം വർഷത്തിലെ സുപ്രധാന നേട്ടം. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ വർഷം എന്ന നിലയിൽ കേരളത്തെ സാമ്പത്തികമായി തകർക്കാനാണ്‌ കേന്ദ്ര സർക്കാർ ശ്രമിച്ചത്‌. ഒറ്റവർഷം 57,400 കോടി രൂപ വെട്ടിക്കുറച്ചിട്ടും സംസ്ഥാനം തളർന്നില്ല. 

സംസ്ഥാനങ്ങളോട്‌ കേന്ദ്ര സർക്കാർ കാട്ടുന്ന വിവേചനങ്ങൾക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സമരം നടത്തിയും സുപ്രീം കോടതിയെ സമീപിച്ചും മറ്റു സംസ്ഥാനങ്ങൾക്കു കൂടി മാതൃകയാകാൻ കേരളത്തിനായി. കടമെടുപ്പു പരിധി വെട്ടിക്കുറച്ച നടപടി ചോദ്യംചെയ്‌ത കേരളത്തിന്റെ ഹർജി അഞ്ചംഗ ഭരണഘടനാ ബഞ്ചിനു വിട്ട സുപ്രീംകോടതി വിധി ചരിത്രപ്രാധാന്യമുള്ളതായി.

You may also like this video

Exit mobile version