Site iconSite icon Janayugom Online

ഓണത്തിന് മുമ്പ് ബോണസ് തര്‍ക്കങ്ങള്‍ പൂര്‍ത്തിയാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍

സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബന്ധതയുടെയും, നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രത്യോകത ഒന്നു കൊണ്ടുമാത്രമാണ് ഓണത്തിനു മുമ്പ് ബോണസ് തര്‍ക്കങ്ങള്‍ പൂര്‍ത്തിയാക്കി തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കിയത്. തീർപ്പാക്കിയത്‌ 367 ബോണസ്‌ തർക്കങ്ങൾ. സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കാണ്‌ ഇത്‌ ആശ്വാസമായത്‌. കയർ മേഖലയിൽ 20 ശതമാനം ബോണസും 9.9 ശതമാനം ഇൻസെന്റീവും കശുവണ്ടി മേഖലയിൽ 20 ശതമാനം ബോണസുമാണ് നിശ്ചയിച്ചത്.

തോട്ടം മേഖലയിൽ ഹാരിസൺ മലയാളം പ്ലാന്റേഷൻസിൽ 8.33 ശതമാനം ബോണസും 0.77 ശതമാനം സഹായധനവും ഉറപ്പാക്കി. ടെക്‌സ്‌റ്റൈൽ മേഖലയിലെ തൊഴിലാളികൾക്കുള്ള ഇൻസെന്റീവും വർധിപ്പിച്ചു.ഔഷധിയിൽ അർഹതയുള്ള തൊഴിലാളികൾക്ക് 20 ശതമാനം ബോണസിനൊപ്പം 7000 രൂപയും ബോണസ് പരിധിക്ക് മുകളിലുള്ളവർക്ക്‌ 22,000 രൂപയും പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് എന്ന നിരക്കിൽ തീരുമാനിച്ചു. ഗ്യാസ് വിതരണ മേഖലയിലെ ട്രക്ക് തൊഴിലാളികൾക്ക്‌ 11,500 രൂപയും വിതരണ തൊഴിലാളികൾക്ക്‌ 1600 രൂപയും ബോണസ് നിശ്ചയിച്ചു. പരമ്പരാഗത തൊഴിൽ മേഖലകളായ കയർ, കൈത്തറി, ഖാദി, ബീഡി, മത്സ്യ, ഈറ്റ, പനമ്പ് മേഖലകളിലെ തൊഴിലാളികൾക്ക് ഓണക്കാലത്ത് 45 കോടി രൂപ അനുവദിച്ചതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

പൂട്ടിക്കിടക്കുന്ന സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങൾ, കയർ സ്ഥാപനങ്ങൾ, തോട്ടങ്ങൾ എന്നിവിടങ്ങളിലെ 10,732 തൊഴിലാളികൾക്ക് 2000 രൂപ വീതം നൽകാൻ 2,14,64,000 രൂപ അനുവദിച്ചു. പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ 14,647 തൊഴിലാളികൾക്ക് 2250 രൂപ നിരക്കിൽ സമാശ്വാസം നൽകാൻ 3,20,73,750 രൂപയും അനുവദിച്ചിട്ടുണ്ട്‌. അസംഘടിത മേഖലയിലെ ദിവസവേതനക്കാരായ തൊഴിലാളികൾക്ക്‌ 2,000 രൂപവീതം നൽകും. 1181 മരംകയറ്റ തൊഴിലാളികൾക്കുള്ള അവശതാ പെൻഷൻ കുടിശിക ഉൾപ്പെടെ 1,75,00,000 രൂപയും ജോലിക്കിടെ അപകടം സംഭവിച്ച മരംകയറ്റ തൊഴിലാളികൾക്ക് ഒറ്റത്തവണ ധനസഹായമായി 74 തൊഴിലാളികൾക്ക് 50,00,000 രൂപയും അനുവദിച്ചു.

പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ 1833 തൊഴിലാളികൾക്ക് 20 കിലോ അരിയുൾപ്പെടെയുള്ള ഓണക്കിറ്റ്‌ നൽകാൻ 19,23,953 രൂപയും അനുവദിച്ചു. അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികൾക്ക് പ്രസവ ധനസഹായത്തിന്‌ 2.15 കോടി രൂപയും കർഷക തൊഴിലാളി ക്ഷേമനിധി അധിവർഷ ആനുകൂല്യ കുടിശ്ശിക വിതരണത്തിന്‌ 10 കോടിയും കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡിലെ അവശതാ പെൻഷൻ ഗുണഭോക്താക്കൾക്കുള്ള പെൻഷൻ വിതരണത്തിന്‌ രണ്ടു കോടിയും അനുവദിച്ചു. റീഹാബിലിറ്റേഷൻ പ്ലാന്റേഷനിലെ തൊഴിലാളികൾക്ക് ബോണസ് നൽകാൻ ഒരു കോടിയും അനുവദിച്ചു.

Exit mobile version