കേരളത്തിൽ ആസന്നമായ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തന്നെ അധികാരത്തിൽ വരുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിലെ സമസ്ത മേഖലകളും വികസനം കൈവരിച്ചെന്നും അതിനുള്ള അംഗീകാരം ജനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ രക്തസാക്ഷികളായവരാണ് കമ്മ്യൂണിസ്റ്റുകാർ. എന്നാൽ സ്വാതന്ത്ര്യസമരത്തില്‍ കാഴ്ചക്കാരായി പോലും നിൽക്കാതിരുന്ന ആർഎസ്എസ് ദേശീയതയെപ്പറ്റി വാചാലരാവുകയാണ്. ആർഎസ്എസ് രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സമീപനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരണത്തില്‍ രാജ്യം വലിയ ഭീഷണി നേരിടുകയാണ്. സര്‍വ്വ മേഖലയിലും അസമത്വം നിലനില്‍ക്കുന്നു. ഭരണഘടനയ്ക്ക് വിരുദ്ധമായ കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നത്. രാജ്യത്തെ ജനാധിപത്യം മൃതാവസ്ഥയിലായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അധ്യക്ഷത വഹിച്ചു. സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗങ്ങളായ കെ നാരായണ, രാമകൃഷ്ണ പാണ്ഡ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, കെ പി രാജേന്ദ്രൻ, പി സന്തോഷ് കുമാർ എംപി, നേതാക്കളായ ഇ ചന്ദ്രശേഖരൻ, പി പി സുനീർ, സത്യൻ മൊകേരി, പന്ന്യൻ രവീന്ദ്രൻ, വി ചാമുണ്ണി, കെ ആർ ചന്ദ്രമോഹൻ, മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, ജെ ചിഞ്ചുറാണി, സ്വാഗത സംഘം കൺവീനർ ടി ജെ ആഞ്ചലോസ് തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ മന്ത്രി പി പ്രസാദ് സ്വാഗതവും ജില്ലാ സെക്രട്ടറി എസ് സോളമന്‍ നന്ദിയും പറഞ്ഞു.

