Site iconSite icon Janayugom Online

ഗവർണര്‍ക്കെതിരെ ജനകീയ പ്രതിരോധവുമായി എല്‍ഡിഎഫ്

kanamkanam

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഏകാധിപത്യപരമായ നടപടികള്‍ക്കെതിരെ നവംബര്‍ 15 ന് രാജ്ഭവന് മുന്നിലും ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കും.
ഗവര്‍ണര്‍ നടത്തിക്കൊണ്ടിരിക്കുന്ന വഴിവിട്ട നീക്കങ്ങള്‍ ദേശീയ അടിസ്ഥാനത്തില്‍ രൂപംകൊണ്ട സംഘ്പരിവാര്‍ അജണ്ടയായി മാത്രമെ കാണുവാന്‍ സാധിക്കുകയുള്ളു. കേരളത്തെ ആകെ വിജ്ഞാന സമൂഹമാക്കി മാറ്റി വിജ്ഞാന സമ്പ‍ദ്‍വ്യവസ്ഥ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വച്ചിരിക്കുന്നത്. അതിനാവശ്യമായ നടപടികളുമായി മുന്നോട്ട് നീങ്ങുന്ന സാഹചര്യത്തിലാണ് സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയില്‍ കേരള ഗവര്‍ണറുടെ നിയമവിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ ഇടപെടലുകള്‍.
ആര്‍എസ്എസ് അനുഭാവിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടാണ് ഗവര്‍ണര്‍ മുന്നോട്ട് പോകുന്നത്. വൈസ് ചാന്‍സലര്‍മാരെ നിരന്തരം ഭീഷണിപ്പെടുത്തുന്ന പ്രവണത ചന്‍സലര്‍ പദവിക്ക് തന്നെ അപമാനമാണ്. അസാധാരണ നീക്കത്തിലൂടെ കേരള സര്‍വകലാശാല സെനറ്റിലെ അംഗങ്ങളെ കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ പിന്‍വലിച്ച നടപടി നിയമവിരുദ്ധമായ അമിതാധികാര പ്രയോഗത്തിന്റെ ഭാഗമാണ്. പിന്‍വലിക്കപ്പെട്ട അംഗങ്ങള്‍ക്ക് പകരമായി ആര്‍എസ്എസുകാരെ സെനറ്റിലേക്ക് തിരുകിക്കയറ്റാനുള്ള നടപടി ഹൈക്കോടതി തടഞ്ഞിരുന്നു.
വിദ്യാഭ്യാസ മേഖലയിലെ വിദഗ്‍ധര്‍, വിദ്യാര്‍ത്ഥികള്‍, സര്‍വകലാശാലകളിലെ പ്രമുഖരായ വ്യക്തികള്‍, സാമൂഹ്യ രാഷ്ടിയ സാംസ്കാരിക മേഖലയിലുളള പ്രമുഖര്‍ എന്നിവരെ പങ്കെടുപ്പിച്ച് സംസ്ഥാനാടിസ്ഥാനത്തില്‍ നവംബര്‍ രണ്ടിന് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. 10ാം തീയതിക്കു മുമ്പ് ജില്ലാ കണ്‍വെന്‍ഷനുകളും 12 ന് മുമ്പായി കോളജ്/യൂണിവേഴ്സിറ്റി കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മകളും സംഘടിപ്പിക്കും.
സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടുക എന്നത് സംഘ്പരിവാറിന്റെ പ്രധാനപ്പെട്ട അജണ്ടകളിലൊന്നാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
ഇത് ഒരു രാഷ്ട്രീയ സമരമല്ല. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളെ കോര്‍ത്തിണക്കിയും വിദ്യാഭ്യാസം മെച്ചപ്പെട്ട നിലയില്‍ മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളെയും പങ്കെടുപ്പിച്ചുമുള്ള ഒരു വലിയ വേദിയാണ് ലക്ഷ്യമിടുന്നത്. രാജ്ഭവന് മുന്നില്‍ സംഘടിപ്പിക്കുന്ന കൂട്ടായ്മ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധ കൂട്ടായ്മകളില്‍ ഒന്നായിരിക്കുമെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: LDF with pop­u­lar defense against the governor

You may like this video also

Exit mobile version