Site iconSite icon Janayugom Online

നേതാക്കൾ പാർട്ടി വിടുന്നു; തകർന്നടിഞ്ഞ് കോൺഗ്രസ്

കോൺഗ്രസിൽ നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടങ്ങിയിട്ട് കുറച്ചുകാലമായെങ്കിലും കഴിഞ്ഞദിവസം കപിൽസിബൽ പുറത്തു പോയത് പാർട്ടി തീർത്തും ദുർബലമായി എന്നതിന്റെ ശക്തമായ തെളിവാണ്. പാർട്ടി വിട്ടതായി അറിയിച്ചുകൊണ്ട് മാധ്യമങ്ങളെ കണ്ട കപിൽ സിബൽ പറഞ്ഞ കാര്യവും പ്രസക്തമാണ്. ബിജെപിയെ നേരിടാൻ കോൺഗ്രസിന് കഴിയില്ലെന്നും പ്രാദേശിക പാർട്ടികളുടെ വിശാല സഖ്യമാണ് രാജ്യത്തിന് വേണ്ടതെന്നുമാണ് കപിൽ പറഞ്ഞത്. 

കഴിഞ്ഞ അഞ്ചു മാസത്തിനിടെ മുതിർന്നവരും തലയെടുപ്പുള്ളവരുമായ അഞ്ച് നേതാക്കളാണ് കോൺഗ്രസ് വിട്ടത്. ഒരുകാലത്ത് രാഹുൽ ബ്രിഗേഡിലെ പ്രധാനിയായിരുന്ന ആർപിഎൻ സിങ്, മുൻ കേന്ദ്രമന്ത്രി അശ്വിനി കുമാർ, ഗുജറാത്ത് പിസിസി വർക്കിങ് പ്രസിഡന്റ് ഹർദിക് പട്ടേൽ, പഞ്ചാബ് മുൻ പിസിസി അധ്യക്ഷൻ സുനിൽ ജാക്കർ തുടങ്ങി കപിൽ സിബലിൽ എത്തി നിൽക്കുന്നു പട്ടിക. അമരീന്ദർ സിങ് കഴിഞ്ഞ വർഷം അവസാനം കോൺഗ്രസ് നേതൃത്വവുമായി കലഹിച്ച് പുതിയ പാർട്ടിയുണ്ടാക്കിയിരുന്നു. 

‌ഡിസംബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഹർദിക് പട്ടേൽ കോൺഗ്രസ് വിട്ടത്. ഗുജറാത്തിൽ പ്രബലരായ പട്ടേൽ സമുദായത്തിൽ വലിയ സ്വാധീനമുള്ള ഹർദിക്കിന്റെ അഭാവം കോൺഗ്രസിന് വലിയ തിരിച്ചടിയാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 77 സീറ്റെങ്കിലും നേടാനായത് പട്ടേൽ വിഭാഗത്തിന്റെ പിന്തുണയുള്ളതുകൊണ്ടായിരുന്നു. മികച്ച സംഘാടകനായ ആർപിഎൻ സിങ് നേരെ പോയത് ബിജെപിയിലേക്കാണ്. ഒരുകാലത്ത് രാഹുലിന്റെ വലംകൈയായിരുന്ന ജിതിൻ പ്രസാദ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും ഇപ്പോൾ ബിജെപിയിൽ വലിയ സ്ഥാനങ്ങൾ അലങ്കരിക്കുന്നു. ജിതിൻ പ്രസാദ യുപിയിൽ മന്ത്രിയായപ്പോൾ സിന്ധ്യ കേന്ദ്ര മന്ത്രിയായി. 

മേയ് 14 നാണ് പഞ്ചാബിലെ മുൻ പിസിസി അധ്യക്ഷൻ സുനിൽ ജാക്കർ പാർട്ടി വിട്ടത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ പാർട്ടി അംഗത്വം നല്കി ജാക്കറെ സ്വീകരിച്ചു. പഞ്ചാബ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് മുതിർന്ന നേതാവ് ഡോ. അശ്വിനി കുമാർ പാർട്ടിവിട്ടത്. യുപിഎ സർക്കാറിൽ നിയമമന്ത്രിയും പഞ്ചാബിൽ നിന്നുള്ള മുൻ രാജ്യസഭാ അംഗവുമായിരുന്നു അശ്വനികുമാർ. ‘കഴിഞ്ഞ 46 വർഷമായി താൻ കോൺഗ്രസിൽ പ്രവർത്തിക്കുന്നു. ഏറെ ചിന്തിച്ചാണ് പാർട്ടി വിടാൻ തീരുമാനം എടുത്തത്. സമകാലിക സാഹചര്യങ്ങൾ കണക്കിലെടുത്ത്, കോൺഗ്രസിന് പുറത്ത് രാജ്യത്തിന് വേണ്ടി കൂടുതൽ നന്നായി പ്രവർത്തിക്കാൻ കഴിയുമെന്നാണ് തോന്നുന്നതെ‘ന്നാണ് അശ്വിനി കുമാർ രാജിക്കത്തിൽ പറഞ്ഞത്. 

കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് സി എം ഇബ്രാഹിം കോൺഗ്രസിൽ നിന്ന് രാജി വച്ചത് ഇക്കഴിഞ്ഞ മാർച്ചിലാണ്. നിയമ നിർമ്മാണ കൗൺസിൽ അംഗത്വവും അദ്ദേഹം ഉപേക്ഷിച്ചു. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിലൊരാളുമാണ് സി എം ഇബ്രാഹിം. 1990 കളിലെ എച്ച് ഡി ദേവഗൗഡ, ഐ കെ ഗുജ്റാൾ സർക്കാരുകളിൽ സിവിൽ ഏവിയേഷൻ, ടൂറിസം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു ഇബ്രാഹിം.
മുതിർന്ന നേതാക്കളും അണികളും ഒന്നൊന്നായി പാർട്ടി വിടുമ്പോഴും ഒരു സ്ഥിരം പ്രസിഡന്റിനെ പോലും കണ്ടെത്താൻ പോലും കഴിയാത്ത ഗതികേടിലാണ് കോൺഗ്രസ് നേതൃത്വം. 

Exit mobile version