ഹിന്ദുസ്ഥാന്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് (എച്ച്എൽഎൽ) എന്ന സ്ഥാപനം സ്വകാര്യമേഖലയ്ക്ക് കൈമാറുവാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. എങ്കിലും രാജ്യത്തിന്റെ എല്ലാ ആസ്തികളും വിറ്റുതുലച്ചേ അടങ്ങൂ എന്ന വാശിയില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ വില്പന നടപടിയുമായി മുന്നോട്ടുപോകുകയാണ്. ലേല നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഡിസംബര്‍ 21 ന് പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം ജനുവരി 31 ആയിരുന്നു താല്പര്യ പത്രം സമര്‍പ്പിക്കുന്നതിനുള്ള അന്തിമ തീയതി. പിന്നീട് അത് ഫെബ്രുവരി 28 വരെയും വീണ്ടും മാര്‍ച്ച് 14 വരെയും ദീര്‍ഘിപ്പിച്ചു. തങ്ങളുടെ സ്വന്തം കക്ഷികള്‍ വന്നില്ലെന്നതുകൊണ്ടാണോ തീയതി നീട്ടിക്കൊണ്ടിരിക്കുന്നതെന്ന് സംശയിക്കാവുന്നതാണ്. ഇത്രയധികം ആസ്തിയും വിറ്റുവരവും ലാഭവുമുള്ള ഒരു ആരോഗ്യ മേഖലാ സംരംഭം വാങ്ങുന്നതിന് ആരുമെത്തിയില്ല എന്നത് അവിശ്വനീയമായതിനാലാണ് ഇങ്ങനെയൊരു സംശയമുണ്ടാകുന്നത്. മാത്രവുമല്ല ബിജെപിയാണ് ഭരിക്കുന്നത് എന്നതുകൊണ്ടും നേരത്തെ തിരുവനന്തപുരം വിമാനത്താവളം അടക്കം വില്പന നടത്തിയപ്പോള്‍ അഡാനിയെ പോലുള്ളവര്‍ ലേലത്തിനെത്തിയ സാഹചര്യവും ഈ സംശയത്തെ ബലപ്പെടുത്തുകയേ ഉള്ളൂ. അത് മറ്റൊരു വിഷയമാണ്. കേന്ദ്രം എല്ലാം വിറ്റു തുലയ്ക്കുമ്പോള്‍ പൊതുമേഖലയെ നഷ്ടത്തില്‍ നിന്ന് കരകയറ്റുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന സമീപനം സ്വീകരിക്കുന്ന സര്‍ക്കാരാണ് കേരളത്തില്‍. അതുകൊണ്ടുതന്നെ എച്ച്എല്‍എല്‍ വില്പന തീരുമാനിച്ച ഘട്ടത്തില്‍ തന്നെ സംരംഭം ഏറ്റെടുത്തുകൊള്ളാമെന്ന് കേരളം അറിയിച്ചിരുന്നു. പക്ഷേ അത് അനുവദിച്ചില്ലെന്നു മാത്രമല്ല സംസ്ഥാനങ്ങളോ പൊതുമേഖലാ സ്ഥാപനങ്ങളോ ലേലത്തില്‍ പങ്കെടുക്കരുതെന്ന ഉപാധികൂടി മുന്‍വയ്ക്കുകയാണ് കേന്ദ്രം ചെയ്തത്. എങ്കിലും എച്ച്എൽഎല്ലിന്റെ അധീനതയിലുള്ള ഭൂമിയും വസ്തുവകകളും കേരളത്തിനു വിട്ടു നൽകുകയോ അല്ലെങ്കിൽ ലേല നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കുകയോ വേണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 65 വര്‍ഷത്തിലധികം സ്തുത്യര്‍ഹമായ പ്രവര്‍ത്തന പാരമ്പര്യമുള്ള സ്ഥാപനമാണ് എച്ച്എല്‍എല്‍. രാജ്യത്ത് കുടുംബാസൂത്രണ പരിപാടി ആവിഷ്കരിച്ചപ്പോള്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ഗര്‍ഭ നിരോധന വസ്തുക്കളുടെ ലഭ്യതക്കുറവും വിലക്കൂടുതലുമായിരുന്നു. ഇറക്കുമതി മാത്രമേ ആശ്രയമുണ്ടായിരുന്നുള്ളൂ. ഉയര്‍ന്ന വിലയും പ്രയാസമുണ്ടാക്കി. ഈ ഘട്ടത്തിലാണ് ഇവിടെ നിന്നുതന്നെ ഗര്‍ഭനിരോധന ഉറകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനം ആരംഭിക്കുന്നതിനുള്ള ആലോചനകളുണ്ടായത്.
ഇതുകൂടി വായിക്കാം; പൊതുമുതല്‍ വിറ്റു തുലയ്ക്കുമ്പോള്‍
കേരളത്തില്‍ സ്ഥാപിതമായാല്‍ അസംസ്കൃത വസ്തുവായ റബര്‍ ലഭ്യത ഉറപ്പിക്കാമെന്ന് തീരുമാനിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി സ്ഥലം വിട്ടുനല്കുവാന്‍ തയാറാവുകയായിരുന്നു. തിരുവനന്തപുരം നഗരത്തില്‍ പൂജപ്പുരയിലും പേരൂര്‍ക്കടയിലും ആക്കുളത്തും സ്ഥലം നല്കിയതിനെ തുടര്‍ന്ന് 1966ലാണ് ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡ് (എച്ച്എൽഎൽ) എന്ന പേരില്‍ സ്ഥാപനത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്. പിന്നീട് പ്രവര്‍ത്തനം ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലേക്ക് വ്യാപിപ്പിച്ചതിനെ തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് (എച്ച്എൽഎൽ) എന്ന പേരിലേക്ക് മാറുകയായിരുന്നു. ഉറകള്‍ക്ക് പുറമേ ശസ്ത്രക്രിയക്ക് ആവശ്യമായ വസ്തുക്കളും മെഡിക്കല്‍ ഉപകരണങ്ങളും മറ്റ് സംരംഭങ്ങളുമായി സ്ഥാപനം ഈ മേഖലയിലെ ശ്രദ്ധേയവും അതേസമയം സാമ്പത്തിക അടിത്തറയും ലാഭവുമുള്ള സ്ഥാപനമായി വളരുകയായിരുന്നു. തിരുവനന്തപുരത്തിന് പുറമേ കര്‍ണാടക, ഹരിയാന , മധ്യപ്രദേശ് സംസ്ഥാനങ്ങളിലും യൂണിറ്റുകള്‍ സ്ഥാപിക്കുകയും ഡല്‍ഹിയിലുള്‍പ്പെടെ ഓഫീസുകള്‍ തുറക്കുകയും ചെയ്തു. 2002ല്‍ 141 കോടി രൂപ വിറ്റു വരവുണ്ടായിരുന്ന സ്ഥാപനം 2010ല്‍ 1000 കോടിയെന്ന ലക്ഷ്യം കൈവരിച്ചു. യുഎസ്എ, യൂറോപ്പ്, ആഫ്രിക്ക ഉള്‍പ്പെടെയുള്ള ഭൂഖണ്ഡങ്ങളിലെ നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതിയുള്ള സ്ഥാപനവുമാണിത്. കഴിഞ്ഞ സാമ്പത്തിക വർഷം 5,081 കോടി രൂപ വിറ്റുവരവും 112 കോടി രൂപ ലാഭവും നേടിയ സ്ഥാപനമാണ് വില്പനയ്ക്ക് വച്ചിരിക്കുന്നതെന്ന വിരോധാഭാസവുമുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന് അറിയിച്ചത്. അതിന് അനുവദിച്ചില്ലെന്നു മാത്രമല്ല ലേലത്തില്‍ പോലും പങ്കെടുക്കുന്നതിന് തടസം നില്ക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ആക്കുളം, പേരൂര്‍ക്കട എന്നിവിടങ്ങളില്‍ മാത്രം 600ഓളം സ്ഥിരം ജീവനക്കാരും കരാര്‍ ജീവനക്കാരായി രണ്ടായിരത്തോളം പേരുമുണ്ട്. ഇതിനു പുറമേ മറ്റ് സംസ്ഥാനങ്ങളിലും ആയിരക്കണക്കിന് പേരാണുള്ളത്. സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഭൂമിയിലാണ് സ്ഥാപനം ആരംഭിച്ചതെന്നതുകൊണ്ടും ആയിരക്കണക്കിന് പേരുടെ ജീവിതോപാധിയുടെ വിഷയമായിരുന്നതിനാലുമാണ് പൊതുമേഖലയില്‍തന്നെ നിലനിര്‍ത്തണമെന്ന നിലപാട് സംസ്ഥാനം സ്വീകരിച്ചത്. അതിന് അനുവദിക്കാതിരുന്നതിനു പുറമേ ലേലത്തില്‍ പോലും പങ്കെടുത്ത് കേരളം സ്ഥാപനം തങ്ങളുടേതാക്കരുതെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. അതിനായി അസാധാരണമായ ഉപാധികള്‍ ലേല നടപടികളില്‍ മുന്നോട്ടുവയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇത്തരമൊരു വാശിയെന്തിനാണെന്ന് മനസിലാകുന്നില്ല. ഇവിടെയാണ് തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കുതന്നെ ലേലംകൊള്ളാന്‍ കഴിയണമെന്ന നിക്ഷിപ്ത താല്പര്യമുണ്ടോയെന്ന സംശയം ബലപ്പെടുന്നത്.
You may also like this video;