തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യപ്രചാരണം സമാപിച്ചപ്പോൾ കൊട്ടിക്കലാശത്തിലും ഇടത് മുന്നേറ്റം ദൃശ്യം. ഏഴു ജില്ലകളിലെ പരസ്യപ്രചാരണമാണ് അവസാനിച്ചത്. വിവിധ ജില്ലകളിൽ പ്രചാരണങ്ങളുടെ സമാപനത്തില്‍ പങ്കെടുത്ത അഭൂതപൂര്‍വമായ ജനമുന്നേറ്റം ഇടതുപക്ഷത്തിന്റെ വിജയം വിളംബരം ചെയ്യുന്നതായി. അവസാനഘട്ടത്തിൽ വോട്ടുറപ്പിക്കാനായി മുന്നണികള്‍ ഓട്ടപ്പാച്ചിലിലാണ്.
കലാശക്കൊട്ട് ദിവസം റോഡ് ഷോകളും ബൈക്ക് റാലികളുമൊക്കെയായി മുന്നണികള്‍ നഗര‑ഗ്രാമവീഥികൾ സജീവമാക്കി. ഏഴു ജില്ലകളിൽ കലാശക്കൊട്ട് നടക്കുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് കേന്ദ്രങ്ങൾ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യ പ്രചാരണമാണ് ഇന്ന് അവസാനിച്ചത്. ഈ ജില്ലകളിൽ മറ്റന്നാളാണ് വിധിയെഴുത്ത്.

