Site iconSite icon Janayugom Online

പലസ്തീന് ഐക്യദാര്‍ഢ്യവുമായി ഇടതു പാര്‍ട്ടികള്‍

ഇസ്രയേലിന്റെ പലസ്തീന്‍ കൊടുംക്രൂരതയ്ക്കെതിരെ പ്രതിഷേധ മാര്‍ച്ചുമായി ഇടതു പാര്‍ട്ടികള്‍. ഇസ്രയേലിന്റെ വംശഹത്യാനിലപാട് അവസാനിപ്പിക്കുക, അമേരിക്കന്‍ സഹായം നിര്‍ത്തിവയ്ക്കുക, പലസ്തീന്‍ കൂട്ടക്കുരുതി അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ജന്തര്‍ മന്ദിറിലാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) നേതാവ് പ്രകാശ് കാരാട്ട്, സിപിഐ(എംഎല്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ആര്‍എസ്‌പി നേതാവ് ആര്‍ എസ് ദാഗര്‍, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ഡി ദേവരാജന്‍ എന്നിവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു.
സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ നാരായണ, കെ രാമകൃഷ്ണ, ബി കെ കാംഗോ, നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ ജനറല്‍ സെക്രട്ടറി ആനി രാജ, സിപിഐ ഡല്‍ഹി ഘടകം സെക്രട്ടറി ശങ്കര്‍ ലാല്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ കെഹര്‍ സിങ്, അവ്സാര്‍ അഹമ്മദ്, സഞ്ജീവ് കുമാര്‍ റാണ നേതൃത്വം നല്‍കി.

കൊല്‍ക്കത്തയില്‍ നടന്ന ഇടതുറാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. സിപിഐ സംസ്ഥാന സെക്രട്ടറി സ്വപന്‍ ബാനര്‍ജി, സിപിഐ(എം) നേതാവ് ബിമന്‍ബോസ്, പ്രേമദാസ തുടങ്ങിയവരും ബിഹാറിലെ പട്നയില്‍ നടന്ന റാലിയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെ, രവീന്ദ്രനാഥ് റായ്, വിശ്വജീത് കുമാര്‍ തുടങ്ങിയവരും സംസാരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടതു പാര്‍ട്ടികളുടെ ആഭിമുഖ്യത്തില്‍ ഐക്യദാര്‍ഢ്യ ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചു. 

Exit mobile version