Site iconSite icon Janayugom Online

നിയമസഭ; നാലു ബില്ലുകൾ പാസാക്കി

തിരുവനന്തപുരം: നാലു ബില്ലുകൾ ഇന്ന് നിയമസഭ അംഗീകരിച്ചു. നെൽവയൽ തണ്ണീർത്തട സംരക്ഷണം (ഭേദഗതി), കേരളാ മെഡിക്കൽ വിദ്യാഭ്യാസം (സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും), കേരളാ പബ്ലിക് കമ്മിഷൻ (ചില കോർപ്പറേഷനുകളെയും കമ്പനികളെയും സംബന്ധിച്ച കൂടുതൽ പ്രവൃത്തികൾ) രണ്ടാം ഭേദഗതി, കേരളാ കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം (ഉല്പാദനവും വില്പനയും നിയന്ത്രിക്കൽ) ബില്ലുകളാണ് സഭ പാസാക്കിയത്.
ഭൂമിയുടെ സ്വഭാവ വ്യതിയാനം വരുത്തുന്നതിനുള്ള അധികാരം ആർഡിഒമാർക്ക് മാത്രമായിരുന്നത് ഡെപ്യൂട്ടി കളക്ടർമാർക്കു കൂടി നൽകുന്നതാണ് നെൽവയൽ തണ്ണീർത്തട നിയമ ഭേദഗതി. ചർച്ചയ്ക്ക് റവന്യു മന്ത്രി കെ രാജൻ മറുപടി നൽകി.

മെഡിക്കൽ കൗൺസിൽ എന്നത് മെഡിക്കൽ കമ്മിഷൻ എന്നാക്കുന്നതാണ് കേരള മെഡിക്കൽ വിദ്യാഭ്യാസ ബില്ലിലെ ഭേദഗതി. ആരോഗ്യ മന്ത്രി വീണാ ജോർജ് ചർച്ചയ്ക്ക് മറുപടി പറഞ്ഞു. കേരള പബ്ലിക് സർവീസ് കമ്മിഷൻ ഭേദഗതി ബില്ലിന് വ്യവസായ മന്ത്രി പി രാജീവും മറുപടി നൽകി. കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം എന്നിവയുടെ ഉല്പാദനനിലവാരം പരിപാലിക്കുന്നതിനും അവയുടെ ഉല്പാദനം, സംഭരണം, വിതരണം, വിപണനം എന്നിവയില്‍ മികവ് പാലിക്കേണ്ടതിനുമാണ് കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം (ഉല്പാദനവും വിൽപനയും നിയന്ത്രിക്കൽ) ബിൽ. കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, തീറ്റവസ്തുക്കൾ, ധാതുലവണമിശ്രിതം എന്നിവയിലെ മായം കലർത്തലും മിസ്ബ്രാൻഡിങ്ങും തടയുന്നതിനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ബില്ലിന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി മറുപടി നൽകി.

974 ഇടങ്ങൾ പഴയപടി നിലമാക്കണം; ചെലവ് 14 കോടി

അനധികൃതമായി നിലം നികത്തി കരയാക്കിയെന്ന് കണ്ടെത്തിയ 974 കേന്ദ്രങ്ങൾ തിരിച്ച് നിലമാക്കുന്നതിന് കളക്ടർമാർ ഉത്തരവിട്ടിട്ടുണ്ടെന്നും എന്നാൽ ഇതിന് 14 കോടി രൂപ ചെലവ് വരുമെന്നും റവന്യു മന്ത്രി. നെൽവയൽ തണ്ണീർത്തട സംരക്ഷണം (ഭേദഗതി) ബില്‍ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതിനായി ധനവകുപ്പിനെ സമീപിച്ചിരിക്കുകയാണ്. മാത്രമല്ല, ഇവിടെ നിന്ന് നീക്കുന്ന മണ്ണ് എവിടെ നിക്ഷേപിക്കുമെന്നതും പ്രശ്നമാണ്. ദേശീയ പാത നിർമ്മാണം, ആവശ്യപ്രകാരം സ്വകാര്യ വ്യക്തികൾക്ക് നൽകൽ, പൊതു ആവശ്യങ്ങൾക്ക് വിനിയോഗിക്കൽ എന്നിവക്കായി മാർഗരേഖ പുറപ്പെടുവിക്കും.

അഴിമതി തടയാൻ അഞ്ച് തരത്തിലുള്ള ഇടപെടലാണ് റവന്യൂ വകുപ്പിലുള്ളത്. മന്ത്രിയുടെയും കളക്ടറുടെയും നേതൃത്വത്തിലുള്ള സംയുക്ത പരിശോധന, കളക്ടറുടെ പരിശോധന, റവന്യു ഇൻറലിജൻസ്, എന്നിവയടക്കമാണിത്. മാസം ചുരുങ്ങിയത് 500 ഇടങ്ങളിൽ പരിശോധന നടത്തും. സ്കൂളുകളിലെ പിടിഎകളെ പോലെ വില്ലേജ് ഓഫിസുകളിൽ ജനപ്രതിനിധികൾ ഉൾപ്പെട്ട ജനകീയ സമിതികൾ ശക്തിപ്പെടുത്തി അഴിമതി തടയാനാണ് ആലോചിക്കുന്നത്. വില്ലേജുകളിൽ ഉദ്യോഗസ്ഥ ഭരണമാണെന്ന പരാതി പരിഹരിക്കാനാണ് ഈ ക്രമീകരണമെന്നും മന്ത്രി നിയമസഭയിൽ കൂട്ടിച്ചേർത്തു.

Eng­lish Summary:Legislative Assem­bly; Four bills were passed
You may also like this video

Exit mobile version