കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ (സിപിഎസ്ഇ) തലപ്പത്ത് വനിതാ പ്രാതിനിത്യം കുറവാണെന്ന് പാര്‍ലമെന്ററി സമിതി ചൂണ്ടിക്കാണിക്കുന്നു. സ്ത്രീ പ്രാതിനിത്യം ഏഴ് ശതമാനമേയുള്ളൂ. ബോര്‍ഡ് തലത്തിലും ഇത് തന്നെയാണ് സ്ഥിതി. ഈ സ്ഥാപനങ്ങളുടെ പുരോഗതിക്ക് തടസമാകുന്ന കാര്യങ്ങള്‍ ഇല്ലാതാക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. സിപിഎസ്ഇകള്‍ക്ക് മികച്ച മാനേജ്മെന്റ് നയം ഉണ്ടാക്കുകയും നേതൃപദവികളിലെ നിയമനങ്ങളില്‍ സര്‍ക്കാരിന് വേണ്ട ഉപദേശം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഉന്നതാധികാര സ്ഥാപനമായ പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡിന്റെ (പിഇഎസ്ബി) പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിനിടെയാണ് പാര്‍ലമെന്ററി പാനല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പേഴ്സണല്‍ ആന്റ് ട്രെയിനിങ് മന്ത്രാലയവുമായി ബന്ധപ്പെട്ട ഗ്രാന്റിനുള്ള പേഴ്സണല്‍, പൊതു ആവലാതി, നിയമം, നീതി എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി കഴിഞ്ഞ വ്യാഴാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച 145ാം റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നാരി ശക്തി നയത്തിന് അനുസൃതമായി സമഗ്രവും ഉത്തരവാദിത്തവുമുള്ള പൊതുഭരണത്തിന് ലിംഗസമത്വം നിര്‍ണായകമാണെന്നും സമിതി വിശദമാക്കി.
അതേസമയം ഒരേ സ്ഥലത്ത് ദീര്‍ഘകാലം സേവനം അനുഷ്ഠിക്കുന്നത് അഴിമതിക്ക് കാരണമാകുന്നതായും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്നും സമിതി ആവശ്യപ്പെട്ടു, സ്ഥലംമാറ്റം സംബന്ധിച്ച് നയങ്ങളുണ്ടെങ്കിലും കൃത്യമായി നടപ്പാക്കുന്നില്ല. ചില ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് സൗകര്യപ്രദമായ മന്ത്രാലയങ്ങളിലോ, ഓഫീസുകളിലോ എട്ടൊമ്പത് വര്‍ഷമായി തുടരുന്നു. സ്ഥാപന, വകുപ്പ് മേധാവികളെ നാലോ, അഞ്ചോ തവണ മാറ്റിയിട്ടും ഉദ്യോഗസ്ഥര്‍ തല്‍സ്ഥാനങ്ങളില്‍ തുടരുന്നു.
പല ഉദ്യോഗസ്ഥരും ഒരേ മന്ത്രാലയത്തില്‍ തന്നെ ജോലി ചെയ്യുന്ന തരത്തില്‍ നിയമനങ്ങള്‍ കൈകാര്യം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതിനാല്‍ ഒഴിവുകള്‍ കൃത്യമായി നികത്തണം. കേന്ദ്ര സെക്രട്ടേറിയറ്റ് പ്രവര്‍ത്തനത്തിന്റെ പ്രധാന കേന്ദ്രമായ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സര്‍വീസസ് (സിഎസ്എസ്), സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സ്റ്റെനോഗ്രാഫേഴ്സ് സര്‍വീസസ് (സിഎസ്എസ്എസ്) എന്നിവയുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിനിടെയാണ് പാര്‍ലമെന്റ് കമ്മിറ്റിയുടെ നിരീക്ഷണങ്ങള്‍.
സിഎസ്എസിലും സിഎസ്എസ്എസിലും എല്ലാ ഗസറ്റഡ് ഉദ്യോഗസ്ഥരെയും തന്ത്രപ്രധാനവും അല്ലാത്തതുമായ പോസ്റ്റുകളിലേക്ക് മൂന്ന് വര്‍ഷത്തെ കാലാവധി കണക്കാക്കി നിയമിക്കുന്നുണ്ട്. ഒരേ മന്ത്രാലയത്തിലോ, ഒരേ പദവിയിലോ ദീര്‍ഘകാലം സേവനം അനുഷ്ഠിക്കുന്നത് അഴിമതിക്ക് കാരണമാകുമെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഒരു ഉദ്യോഗസ്ഥനും നിശ്ചിത കാലാവധിക്കപ്പുറം ഒരു മന്ത്രാലയത്തിലും തുടരരുതെന്നും നിര്‍ദേശിച്ചു. അതോടൊപ്പം സ്ഥലംമാറ്റം ഉടനടി നടത്തണമെന്നും പറഞ്ഞു.

