Site iconSite icon Janayugom Online

പിംഗളി വെങ്കയ്യയെ നമുക്കു മറക്കാതിരിക്കാം

pingalapingala

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം പിറന്നാളിന് ഇനി ഒരാഴ്ച മാത്രം. നമ്മുടെ രാഷ്ട്രപിതാവ് ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളു. മഹാത്മാഗാന്ധി. പാഠപുസ്തകങ്ങളില്‍ അദ്ദേഹം നിറഞ്ഞുനില്‍ക്കുന്നു. എന്നാല്‍ ക്ലാസില്‍ അധ്യാപിക ചോദിക്കുന്നു. ആരാണ് നമ്മുടെ രാഷ്ട്രപതാകയുടെ പിതാവ്? ഒരൊറ്റ കുട്ടിപോലും ഉത്തരമറിയാതെ കണ്ണും തള്ളിയിരിക്കുമ്പോള്‍ അധ്യാപികയും പറയുന്നു, എനിക്കും അറിയില്ല. ചരിത്രത്തെ താലോലിക്കുന്നതിനു പകരം അരുംകൊല ചെയ്യുന്ന നമ്മുടെ ചരിത്രബോധം. ഭാരതീയരില്‍ തൊണ്ണൂറ്റി ഒന്‍പത് ശതമാനത്തിനും നമ്മുടെ ദേശീയപതാകയുടെ സ്രഷ്ടാവ് ആരെന്നറിയില്ല. ‘മറക്കാന്‍ പറയാന്‍ എന്തെളുപ്പം, മറക്കാതിരിക്കലാണതിലെളുപ്പം’ എന്ന വരികള്‍ കീഴ്മേല്‍ മറിച്ചു പറയുന്ന വര്‍ത്തമാനകാല ചരിത്രത്തില്‍ നമ്മുടെ ദേശീയപതാകയുടെ പിതാവായ പിംഗളി വെങ്കയ്യയെ നാം മറക്കുന്നത് എളുപ്പവിദ്യയാക്കുന്നു. ആന്ധ്രയിലെ മസൂലിപ്പട്ടണത്ത് ജനിച്ച അദ്ദേഹം ’64 ജൂലെെ നാലിന് എണ്‍പത്താറാം വയസില്‍ നന്ദിയില്ലാത്ത ലോകത്തോട് വിടചൊല്ലി. മദ്രാസ്, കേംബ്രിഡ്ജ് സര്‍വകലാശാലകളില്‍ പഠനം, തിരിച്ചെത്തിയത് ഗാന്ധിജിയുടെ ഉറ്റശിഷ്യരിലൊരാളായി. അധ്യാപകനും കാര്‍ഷികഗവേഷകനുമായി. ഖാദി നൂല്‍ ഉല്പാദിപ്പിക്കുന്ന പട്ടിണിപ്പാവങ്ങള്‍ക്കുവേണ്ടി കംബോഡിയന്‍ പരുത്തി വികസിപ്പിച്ചെടുത്തു. ഖാദിയില്‍ നെയ്ത തുണിയില്‍ ഇന്ത്യന്‍ ദേശീയപതാകയ്ക്കു രൂപംനല്കി. പലകുറി രൂപമാറ്റം വരുത്തിയ ദേശീയപതാക സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലായിരുന്ന ഗാന്ധിജിയും സഹപ്രവര്‍ത്തകരും കോണ്‍ഗ്രസിന്റെ വിജയവാഡാ സമ്മേളനത്തില്‍ അംഗീകരിച്ചു. പക്ഷെ കുബേരനായി ജനിച്ച് അവസാന നാളുകളില്‍ കുചേലനായിത്തീര്‍ന്ന പിംഗളി വെങ്കയ്യയെ ഇന്ത്യയും കോണ്‍ഗ്രസും മറന്നു. വാനിലുയര്‍ന്ന ദേശീയപതാകയെ നോക്കി ‘ഉയരൂ വാനിലുയര്‍ന്നു പറക്കൂ പകരൂ ഞങ്ങള്‍ക്കാവേശം’ എന്നു നാം പാടിക്കൊണ്ടിരുന്ന ദിനങ്ങളിലൊന്നില്‍ പിംഗളി വെങ്കയ്യ ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാതെ പട്ടിണി ഭക്ഷിച്ചു മരിച്ചു. നാം എത്ര നന്ദിഹീനരാണ്.


ഇതുകൂടി വായിക്കൂ:  ഗാന്ധിജിയെ ഭയക്കുന്നതാരാണ് ?


കാലമേറെ കഴിഞ്ഞപ്പോള്‍ പിംഗളി വെങ്കയ്യയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്കു വീണ്ടും തളിരിട്ടു. കാപട്യത്തിന്റെ ചിലങ്ക കെട്ടിയ ഓര്‍മ്മകള്‍. 2009ലും 2011ലും അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഭാരതരത്നം നല്കുമെന്ന ഭീഷണിയുണ്ടായി. ഒന്നും നടന്നില്ല. ന്യൂജന്‍ കുറ്റിയും കോലും കളിയായ ക്രിക്കറ്റില്‍ റണ്‍ വാരിക്കൂട്ടിയതിന്റെ പേരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കുപോലും ഭാരതരത്നപ്പട്ടം നല്കിയപ്പോഴും നമ്മുടെ ദേശീയപതാകയുടെ പിതാവിന് ഒരു താമ്രപത്രം പോലും നല്കിയില്ല. ഇതിനിടെ നമ്മുടെ ദേശീയ പതാകച്ചട്ടം പലതവണ ഭേദഗതി ചെയ്തു. ഖാദിയില്‍ മാത്രമേ ദേശീയപതാക നിര്‍മ്മിക്കാവൂ എന്ന ചട്ടം പൊളിച്ചെഴുതിയതോടെ ലക്ഷക്കണക്കിന് ഖാദി തൊഴിലാളികളുടെ കഞ്ഞിയിലാണ് പാറ്റയിട്ടത്. വെല്‍വെറ്റിലും പട്ടിലും സില്‍ക്കിലുമാകാം ദേശീയപതാകയെന്ന ഭേദഗതിയും വന്നു. എന്നിട്ടും തീരുന്നില്ല. ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കാവശ്യമായ പോളിസ്റ്റര്‍ ദേശീയപതാകകള്‍ ചെെനയില്‍ നിന്ന് ഇറക്കുമതി ചെയ്യാമെന്ന് മോഡിയുടെ കല്പന. ഇന്ത്യന്‍ ഖാദിത്തൊഴിലാളികളെ ഒറ്റുകൊടുത്ത് അതിര്‍ത്തികളില്‍ നമ്മുടെ സെെനികരെ കൊന്നൊടുക്കുന്ന ചെെനയ്ക്ക് ആയുധനിര്‍മ്മാണത്തിന് ഇന്ത്യന്‍ പണം. അതിര്‍ത്തി യുദ്ധത്തില്‍ പിതാവ് നഷ്ടപ്പെട്ട ഒരു പെണ്‍കുഞ്ഞ്, ഖാദി പതാക വില്‍ക്കാനിറങ്ങി ഒരു പതാകപോലും വില്‍ക്കാനാവാതെ ദുഃഖിതയായി നില്‍ക്കുന്ന കൂട്ടുകാരിയോട് ചോദിക്കുന്ന ഒരു വീഡിയോ കാണാനിടയായി; എന്റെ പിതാവിന്റെ ത്യാഗത്തില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു. പക്ഷെ ആ നമ്മള്‍ പതാക ഇറക്കുമതിയിലൂടെ പണം വാരിക്കോരി നല്കുമ്പോള്‍ നാമല്ലേ രാജ്യദ്രോഹികള്‍. അവരല്ലേ എന്റെ അച്ഛന്റെ ഒറ്റുകാര്‍. താനുണ്ടാക്കിയ ഒരെണ്ണംപോലും വിറ്റഴിക്കാത്ത പതാകക്കെട്ടുമായി നില്‍ക്കുന്ന കുട്ടി. ഇരുവരും തുല്യദുഃഖിതര്‍. ആരാണിവരോട് ഉത്തരം പറയുക. ചെെനയോ, മോഡിയോ അതോ ഇരുകൂട്ടരും ഒന്നിച്ചോ. ദേശീയപതാകകൊണ്ട് മുഖം തുടയ്ക്കുന്ന മോഡിക്കറിയുമോ ആ മഹാപതാകയുടെ മഹത്വം.


ഇതുകൂടി വായിക്കൂ: ഗാന്ധിസ്മരണയില്‍ നടന്ന ചവിട്ടുനാടകങ്ങള്‍


സ്വാതന്ത്ര്യത്തിന്റെ വജ്രജയന്തി പ്രമാണിച്ച് രാജ്യമെമ്പാടുമുള്ള വീടുകളില്‍ ദേശീയപതാക രാപ്പകല്‍ പാറിക്കണമെന്ന് പ്രധാനമന്ത്രി മോഡി ആഹ്വാനം ചെയ്തിരിക്കുന്നു. ദേശീയപതാക പോലും ഇറക്കുമതി ചെയ്യുന്ന ആത്മനിര്‍ഭര്‍ ഭാരതില്‍ ഈ പതാക ഉയര്‍ത്തല്‍ കര്‍മ്മത്തിന് മോഡി ഒരോമനപ്പേരുമിട്ടിരിക്കുന്നു. ഹര്‍ ഘര്‍ ത്രിരംഗ ഹട്ട്! ഈ ആഹ്വാനം കേട്ട ഒരു കാര്‍ട്ടൂണിസ്റ്റിന്റെ രചന കാണാനിടയായി. ഒരു ഭവനരഹിതന്‍ വില്ലേജ് ഓഫീസറുടെ മുന്നില്‍ ഹാജരായി അപേക്ഷ നല്കുന്നു; ‘എല്ലാ വീടുകളിലും പതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നു. ഞാന്‍ ഒരു ദേശീയ പതാക തരപ്പെടുത്തിയിട്ടുണ്ട്. സമക്ഷത്തില്‍ നിന്നു ദയവുണ്ടായി ആ പതാക ഉയര്‍ത്താന്‍ ഒരു വീടുണ്ടാക്കിത്തരണം! 136 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ തല ചായ്ക്കാന്‍ ഒരു കൂരയില്ലാതെ ആകാശമേലാപ്പിനു കീഴില്‍ കഴിയുന്നത് 17 കോടി ജനങ്ങള്‍. മോഡിയുടെ മൂക്കിന്റെ പാലത്തിലും കീഴുമായി ഡല്‍ഹിയില്‍ ഒരു കൂരപോലുമില്ലാത്ത പട്ടിണിപ്പാവങ്ങള്‍ 88,470. ഇതൊക്കെയായിട്ടും മോഡി പറയുന്നു സ്വന്തം വീടുകളില്‍ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനം കെങ്കേമമായി കൊണ്ടാടാന്‍. സ്വാതന്ത്ര്യമെന്ന വാക്കിന്റെ അര്‍ത്ഥഗരിമതന്നെ ചോര്‍ത്തിക്കളയുന്ന കാപട്യ ഗിരിപ്രഭാഷണം. മോഡിയുടെ ഇത്തരം ആഹ്വാനങ്ങള്‍ നിര്‍ത്താന്‍ ഇനി ബംഗ്ലാദേശ് പൊലീസ് ചെയ്ത ഒരൊറ്റ പണിയേ ബാക്കിയുള്ളു. ബംഗ്ലാദേശിലെ നടനും ഗായകനുമായ ഹീറോ ആലമിന്റെ പാട്ടുകള്‍കൊണ്ട് പൊറുതിമുട്ടിയെന്ന് ജനങ്ങളുടെ പരാതിപ്രളയം. ഒടുവില്‍ അദ്ദേഹത്തില്‍ നിന്നും പൊലീസ് ഒരു ഉറപ്പ് എഴുതിവാങ്ങി; മേലാല്‍ ഇത്തരം പാട്ടുകള്‍ പാടില്ലെന്ന്. മോഡിയോടും ഈ ട്രിക്ക് ഒന്നു പ്രയോഗിച്ചാലോ. എവിടെ. വായില്‍ തോന്നിയതു കോതയ്ക്കു പാട്ടുപോലെയല്ലേ മോഡി മഹാരാജ്. ഇനിയുമെന്തെല്ലാം നാം സഹിക്കണം. ഒടുവിലിതാ കേള്‍ക്കുന്നു മോഡിയുടെ കവിതാസമാഹാരം ഉടന്‍ പുറത്തിറങ്ങുമെന്ന്. അങ്ങനെ മഹാകവി ടാഗോറിനു പിന്നാലെ മഹാകവി മോഡിയും.


ഇതുകൂടി വായിക്കൂ: ചെലോല്ടെ റെഡിയാകും ചെലോല്ടെ റെഡിയാവൂല്ല


മുനീറിനറിയുമോ തലശേരി മാളിയേക്കല്‍ മറിയുമ്മയെ. കഴിഞ്ഞ ദിവസം 97-ാം വയസില്‍ വിടചൊല്ലിയ ആ മുത്തശ്ശിയായിരുന്നു മലബാറില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ വനിത. 75 വര്‍ഷം മുമ്പ് ഇംഗ്ലീഷ് പഠിക്കാന്‍ സ്കൂളിലേക്ക് പോകുമ്പോള്‍ യാത്ര ചെയ്തിരുന്ന വില്ലുവണ്ടിക്കകത്തേക്ക് നോക്കി കൊഞ്ഞനം കുത്തുകയും തെറിവിളിക്കുകയും ചെയ്തിരുന്ന മുസ്‌ലിം യാഥാസ്ഥിതികതമ്പ്രാക്കള്‍. ഒന്നും കൂസാതെ അവര്‍ പഠിച്ച് ഇംഗ്ലീഷ് പരീക്ഷ പാസായി. മരണം വരെ സര്‍വാഭരണ വിഭൂഷിതയായി ഓക്സ്ഫോര്‍ഡ് ചുവയില്‍ ഇംഗ്ലീഷ് പത്രങ്ങള്‍ വായിക്കുമായിരുന്ന മറിയുമ്മ. ഡോ. എം കെ മുനീറിന്റെ പിതാവ് സി എച്ച് മുഹമ്മദ് കോയയുടെ സമകാലിക. പിന്നെ പാലത്തിനടിയിലൂടെ ഏറെ വെള്ളം വാര്‍ന്നുപോയി. ഇപ്പോഴിതാ ലീഗ് നേതാവ് മുനീര്‍ പറയുന്നു, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ യൂണിഫോം ധരിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്ന്. മുഖ്യമന്ത്രി പിണറായിക്കു സാരിയും ബ്ലൗസും ധരിച്ചാലെന്താ കുഴപ്പം, കമല ടീച്ചര്‍ പാന്റ്സും ഷര്‍ട്ടും ധരിച്ചാല്‍ എന്താകും എന്നിങ്ങനെയുള്ള കണകുണ വര്‍ത്തമാനവും. ഇസ്‌ലാം കൊടികുത്തി വാഴുന്ന ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാലയങ്ങള്‍ കണ്ടിട്ടാകുമല്ലോ മുനീറിന്റെ ഇത്തരം വിതണ്ഡവാദങ്ങള്‍. അവിടെ ആണും പെണ്ണും ഷര്‍ട്ടും പാന്റ്സും ധരിച്ചാണ് വിദ്യാലയങ്ങളിലെത്തുക. തല മറയ്ക്കാന്‍ ഹിജാബു വേണമെന്ന നിര്‍ബന്ധമേയില്ല. പിന്നെയെന്തേ യൂണിസെക്സ് യൂണിഫോമിനോട് മുനീറിനിത്ര അലര്‍ജി. നിര്‍ബന്ധിച്ച് വസ്ത്രധാരണം നടത്തിപ്പിച്ചാല്‍ അത് വിമനസ്കരായി ആയിരിക്കും മുസ്‌ലിം പെണ്‍കുട്ടികള്‍ അനുസരിക്കുക. വസ്ത്രധാരണത്തിനുള്ള അവകാശത്തെ മുനീര്‍ കാണുന്നത് അദ്ദേഹത്തിന്റെ വാപ്പ കണ്ടിരുന്നതിനു കടകവിരുദ്ധമല്ലേ.

Exit mobile version