എൽഐസിയുടെ ഓഹരി വില്പന നടപടികൾ നിർത്തിവയ്ക്കണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു. ധനസമ്പാദന നയത്തിന്റെ അടിസ്ഥാനത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റൊഴിവാക്കുന്ന നടപടി ഖേദകരമാണ്. കോർപറേറ്റ് നികുതികൾ പുനഃസ്ഥാപിച്ചും സമ്പന്നരുടെ നികുതി കൂട്ടിയും വരുമാന വർധനയുണ്ടാക്കാതെ ചെലവുകൾ നിർവഹിക്കുന്നതിന് ദീർഘകാല ആസ്തികൾ വിറ്റൊഴിവാക്കുന്നത് സർക്കാരിന്റെ പരാജയമാണ് വ്യക്തമാക്കുന്നതെന്നും വലതുപക്ഷ‑അമേരിക്കൻ സാമ്പത്തിക നയത്തിന് സമാനമാണെന്നും രാജ പറഞ്ഞു.
ഇത്തരം വില്പന നടപടികൾ നമ്മുടെ പരമാധികാരത്തെയും സാമ്പത്തിക സ്വാതന്ത്ര്യത്തെ ബാധിക്കുന്നതും ആഭ്യന്തര — വിദേശ കോർപറേറ്റുകൾക്ക് മാത്രം ഗുണം ചെയ്യുന്നതുമാണ്. പിന്തിരിപ്പൻ വലതുപക്ഷ നടപടികളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി മുൻനിര ധനകാര്യ സ്ഥാപനമായ എൽഐസിയുടെ ഓഹരി മൂലധനം വിൽക്കുമെന്നാണ് മോഡി സർക്കാർ പ്രഖ്യാപിച്ചത്. അത്തരം വില്പനയിലൂടെ എൽഐസിയുടെ 22 കോടി ഓഹരികളാണ് വെറും 20,000 കോടി രൂപ വരുമാനത്തിൽ സ്വകാര്യസംരംഭകരുടെ കൈകളിലെത്തുവാൻ പോകുന്നത്. നടപടിയിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് രാജ ആവശ്യപ്പെട്ടു.
English Summary: LIC should stop selling shares: D Raja
You may like this video also