Site iconSite icon Janayugom Online

ലൈക്കും ഷെയറും അല്ല ലൈഫാണ് വലുത്! അപകടകരമായ റൈഡിങ്ങും സ്റ്റണ്ടുകളും വേണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ്

അപകടകരമായ രീതിയില്‍ റൈഡിങ് നടത്തി, ലൈക്കുകളും ഷെയറുകളും വാരിക്കൂട്ടുന്നതിനായി ഇൻസ്റ്റഗ്രാമിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നവര്‍ക്കെതിരെ നടപടി ശക്തമാകും. മോട്ടോര്‍ വാഹന വകുപ്പും പൊലീസും സംയുക്തമായാണ് ഇത്തരക്കാര്‍ക്കെതിരെയുള്ള നടപടി ആരംഭിച്ചിരിക്കുന്നത്. റൈഡർമാർ പൊതു നിരത്തുകളിൽ അപകടകരമായ സ്റ്റണ്ടുകൾ നടത്തുന്ന വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന പ്രവണത സംസ്ഥാനത്ത് വർധിച്ചുവരികയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

ഉയർന്ന വേഗതയിൽ വാഹനമോടിക്കുക, രൂപമാറ്റം നടത്തിയ വാഹങ്ങൾ ഉപയോഗിച്ചുള്ള അപകടകരമായ അഭ്യാസപ്രകടനങ്ങൾ നടത്തുക, ട്രാഫിക് ലൈറ്റുകളുടെ ലംഘനം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചുവരുന്നത്. ഇത്തരത്തില്‍ റൈഡിങ് നടത്തി പിടിക്കപ്പെടുന്നവർക്കെതിരെ പിഴയും ഡ്രൈവിങ് ലൈസൻസ് / രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യലും ഉൾപ്പെടെയുള്ള നടപടികളുണ്ടാകും. അശ്രദ്ധമായ റൈഡിങ് വാഹനമോടിക്കുന്നയാള്‍ക്കും, ഒപ്പം മറ്റ് റോഡ് ഉപയോക്താക്കൾക്കും അത്യന്തം അപകടകരമാണ്. സ്റ്റണ്ടുകൾ മരണങ്ങൾക്ക് വരെ കാരണമായിട്ടുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

വേണ്ടത് സുരക്ഷിത ഡ്രൈവിങ്

സുരക്ഷിത റൈഡിങ് പ്രോത്സാഹിപ്പിക്കുന്നതിനാണ് മോട്ടോര്‍ വാഹന വകുപ്പ് ശ്രദ്ധയൂന്നുന്നത്. ഇതിനൊപ്പം അപകടകരമായ സ്റ്റണ്ടുകളിലോ പ്രവർത്തനങ്ങളിലോ ഏർപ്പെടുന്ന പ്രവണത ഒഴിവാക്കുകയും ചെയ്യണം. അപകടകരമായ റൈഡിങ് ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള മോട്ടോർ വാഹന വകുപ്പിന്റെ ഓഫിസിൽ അറിയിക്കാം.
റൈഡിങ് ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രാമിലും സമൂഹ മാധ്യമങ്ങളിലും അപ്‌ലോഡ് ചെയ്യുന്നവരെ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധനകളും നടപടികളും തുടരും. ഉത്തരവാദിത്തമുള്ള റൈഡിങ്ങിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിന് കൂടുതൽ ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

Eng­lish Summary:Life is big­ger than like and share! No dan­ger­ous rid­ing and stunts, Motor Vehi­cles Department
You may also like this video

Exit mobile version