Site iconSite icon Janayugom Online

ലൈഫ് മിഷൻ; വീട് നിർമ്മാണത്തിന് തടസ്സമായ വൈദ്യുതി ലൈനുകൾ മാറ്റാനുള്ള ചെലവ് കെ എസ് ഇ ബി വഹിക്കും

ലൈഫ് മിഷനില്‍ വീട് ലഭിച്ചവര്‍ക്ക് വീട് നിര്‍മ്മാണത്തിന് തടസമായി നില്‍ക്കുന്ന വൈദ്യുതി ലൈനുകള്‍ മാറ്റാനുള്ള ചെലവ് കെഎസ്ഇബി വഹിക്കും. ഇത് സംബന്ധിച്ച് കെഎസ്ഇബി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനത്തിന്റെ ഭാഗമായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ബിപിഎല്‍ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ആറ് മാസത്തേക്കാണ് പദ്ധതി പ്രാബല്യത്തിലുണ്ടാവുക. 11 കെവി/എല്‍ടി ലൈനുകൾ/പോസ്റ്റുകൾ മാറ്റുന്നതിനുള്ള ചെലവാണ് കെഎസ്ഇബി വഹിക്കുക. ലൈനുകൾ മാറ്റുന്നതിനുള്ള പരമാവധി തുക 50,000 രൂപയായിരിക്കണം. ഇലക്ട്രിക്കൽ സർക്കിളുകളിലെ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയർമാർക്ക് ഇതിനുള്ള അനുമതി നൽകാൻ അധികാരം നൽകി.

ഈ സൗകര്യം ലഭിക്കുന്നതിന്, അപേക്ഷകർക്ക് തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള സാധുവായ ബിപിഎല്‍ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ വാർഷിക വരുമാനം 50,000 രൂപയിൽ താഴെയാണെന്ന് കാണിക്കുന്ന വില്ലേജ് ഓഫിസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം. കൂടാതെ, വീട് ലൈഫ് മിഷൻ ഭവന പദ്ധതിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് തെളിയിക്കുന്ന തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റും ആവശ്യമാണ്. വീട് നിര്‍മ്മാണത്തിനുള്ള സ്ഥലം ഉടമയുടെ സ്വന്തമായിരിക്കണം.

Exit mobile version