Site iconSite icon Janayugom Online

കര്‍ണാടകത്തില്‍ വന്‍ അട്ടിമറി; ബിജെപിയെ അവഗണിച്ച് വീരശൈവ ലിംഗായത് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് പ്രവേശിക്കുന്നതിനിടെ വന്‍ രാഷ്ട്രീയ അട്ടിമറി. ബിജെപിയെ അങ്കലാപ്പിലാക്കി വോട്ടര്‍മാരില്‍ പ്രബലരായ വീരശൈവ ലിംഗായത് വിഭാഗം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡി കര്‍ണാടകത്തില്‍ തമ്പടിച്ച് പ്രചാരണത്തിന് നേതൃത്വം നല്‍കുമ്പോഴാണിതെന്നത് ബിജെപിയില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

പരമ്പരാഗതമായി ബിജെപിയെ പിന്തുണക്കുന്നവരായിരുന്നു വീരശൈവ ലിംഗായത് വിഭാഗം. ബിജെപിയിൽ നിന്നുണ്ടായ പ്രധാനപ്പെട്ട കൊഴിഞ്ഞുപോക്കുകളാണ് ഇവര്‍ക്ക് പാർട്ടിയോടുള്ള അടുപ്പം കുറയ്ക്കാനിടയാക്കിയത്. ബിജെപിയിലെ ലിംഗായത്ത് നേതാക്കളായ ജഗദീഷ് ഷട്ടർ, ലക്ഷ്മൺ സാവഡി എന്നിവരുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും പാർട്ടി വിട്ടിരുന്നു. ഇത് വീരശൈവ ലിംഗായത്ത് വിഭാഗത്തിലും മാറ്റമുണ്ടായി. ജഗദീഷ് ഷെട്ടാറിനെ എന്ത് വില കൊടുത്തും തോൽപ്പിക്കുമെന്ന യെദ്യൂരപ്പയുടെ പ്രസ്താവനയും ഇവരെ ചൊടിപ്പിച്ചു. ഇത്തവണ കോൺഗ്രസിന് വോട്ട് ചെയ്യണമെന്നാണ് വീരശൈവ ലിംഗായത് ഫോറം പരസ്യമായി ആഹ്വാനം ചെയ്തിരിക്കുന്നത്.

വീരശൈവ ലിംഗായത് വിഭാഗം കോൺഗ്രസിനോട് അടുക്കുന്നുവെന്ന സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും ബിജെപി അതിനെ ഗൗരവത്തിലെടുത്തിരുന്നില്ല. നരേന്ദ്രമോഡിയെ രംഗത്തിറക്കി ഇവരെ ഒപ്പം നിര്‍ത്താമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ മോഡി സംസ്ഥാനത്തുള്ളപ്പോള്‍ തന്നെ ലിംഗായത്ത് വിഭാഗം കോണ്‍ഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത് ബിജെപിക്ക് വലിയ നാണക്കേടുമാണ് ഉണ്ടാക്കിയിരിക്കുന്നത്.

Eng­lish Sam­mury: Veerashai­va Lin­gay­at declared sup­port for Con­gress despite ignor­ing BJP

Exit mobile version