ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കണമെന്ന അറിയിപ്പ് വീണ്ടും എത്തിയതോടെ ഏജൻസികളിൽ തിക്കും തിരക്കും. അവസാനം ദിവസം എത്തിയതോടെ ഗ്യാസ് ഏജൻസികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം മുതൽ പ്രദേശിക വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇതുമായി ബന്ധപ്പെട്ട മെസേജുകൾ വന്നതോടെയാണ് ഗ്യാസ് ഏജൻസികളിൽ വലിയ തിരക്കായി. ഗ്യാസ് ആരുടെ പേരിലാണോ അയാൾ ആണ് ഏജൻസിയിൽ എത്തേണ്ടത്. ഗ്യാസ് കണക്ഷൻ ബുക്കും ആധാർ കാർഡും കെെവശം ഉണ്ടായിരിക്കണം. തുടർന്ന് കൈവിരൽ പതിപ്പിക്കണം. പഴയ കണക്ഷണൻ ഉള്ളവർ ആണ് പലരും ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കാതെ ഇരിക്കുന്നത്.
പുതിയ കണക്ഷൻ എടുക്കുമ്പോൾ ആധാർ നൽകേണ്ടതിനാൽ ബന്ധിപ്പിക്കുന്ന കാര്യത്തിൽ വലിയ പ്രശ്നം വരില്ല. കേന്ദ്ര സർക്കാരിന്റെ ഉത്തരവ് പ്രകാരം ഭാരത്പെട്രോളിയം ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതനുസരിച്ചാണ് ആധാറും ഗ്യാസ് ബുക്കും തമ്മിൽ ബന്ധിപ്പിച്ച് കൈവിരൽ പതിപ്പിക്കുന്നത്. മുമ്പ് ഇതുമായി ബന്ധപ്പെട്ട് നിർദേശം നൽകിയിട്ടുണ്ട്. പഴയ കണക്ഷൻ ഉള്ളവർ പലരും ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല. അവർക്ക് വേണ്ടിയായിരിക്കും പുതിയൊരു നിർദ്ദേശം എത്തിയിരിക്കുന്നത് എന്ന് അമ്പലപ്പുഴയിലെ ഗ്യാസ് വിതരണ ഏജൻസിയിലെ ജീവനക്കാർ പറഞ്ഞു. കണക്ഷൻ വിദേശത്തുള്ള ആളിന്റെ പേരിൽ ആണെങ്കിൽ വീട്ടിലെ മറ്റ് അംഗങ്ങളുടെ പേരിലേക്ക് മാറ്റി ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിർദ്ദേശം. ആരുടെ പേരിലേക്കാണ് മാറ്റുന്നത് എങ്കിൽ അവരുടെ ബാങ്ക് പാസ് ബുക്ക്, റേഷൻകാർഡ്, ആധാർ എന്നിവ കൊണ്ടുവരണം. അതികഠിനമായ ചൂടിലും രാവിലെ ഏഴ് മുതൽ ഗ്യാസ് ഏജൻസിയുടെ മുന്നിൽതിരക്കാണ്. പ്രായം ചെന്നവർക്കും കുട്ടികളുമായി എത്തുന്ന അമ്മമാർക്കും ചൂട് ഏൽക്കാതെ നിൽക്കാൻപോലും സൗകര്യം ഇല്ല. കടുത്ത ചൂടിൽ എട്ടും ഒൻപതും മണിക്കൂർ തുടർച്ചയായി വെയിലും ചൂടും ഏറ്റ് റോഡിൽ നിൽക്കുന്നവർ തളർന്ന് വീഴുന്നുമുണ്ട്. കൈവിരൽ പതിപ്പിക്കുന്നത് ശരിയാകാത്തതിനാൽ പോയി പിന്നീട് വരാൻ പറഞ്ഞുവിടുകയും ചെയ്യുന്നുണ്ട്.
English Summary: Linking Gas Book with Aadhaar; Agencies will be overcrowded
You may also like this video