Site iconSite icon Janayugom Online

റോക്കറ്റിൽ ലിക്വിഡ് ഓക്‌സിജന്‍ ചോര്‍ച്ച; ശുഭാംശുവിന്റെ ബഹിരാകാശ ദൗത്യം വീണ്ടും നീളും

റോക്കറ്റിൽ ഉണ്ടായ ലിക്വിഡ് ഓക്‌സിജന്‍ ചോര്‍ച്ചയെ തുടർന്ന് ശുഭാംശുവിന്റെ ബഹിരാകാശ ദൗത്യം വീണ്ടും നീളും. ശുഭാംശു അടക്കം നാല് പേരെ വഹിച്ചുകൊണ്ട് ആക്സിയം സ്പേസിന്റെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകാനുള്ള ദൗത്യമാണ് മാറ്റിവെച്ചത്. നാളെ വിക്ഷേപണം നടന്നേക്കും. ആദ്യം മേയ് 29നായിരുന്നു ബഹികാശ യാത്ര നിശ്ചയിച്ചിരുന്നത്. പിന്നീടത് ജൂണ്‍ 10 ലേക്ക് മാറ്റി. പിന്നീടത് ജൂണ്‍ 11 ആക്കി നിശ്ചയിച്ചു. എന്നാല്‍ വീണ്ടും വിക്ഷേപണം മാറ്റിവെയ്ക്കുകയായിരുന്നു. 

ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ പ്രസിദ്ധമായ ലോഞ്ച് കോംപ്ലക്സ് 39 എയിൽ നിന്നാണ് ഡ്രാഗൺ പേടകവുമായി ഫാൽക്കൺ 9 റോക്കറ്റ് കുതിക്കുക. നാസയുടെ മുതിർന്ന ആസ്ട്രോനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്ലിയം 4ലെ മറ്റ് അംഗങ്ങൾ. ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരനുമാകാനാണ് 39കാരനായ ശുഭാംശു ശുക്ല തയ്യാറെടുക്കുന്നത്.

രണ്ട് ദിവസം മുമ്പ് റോക്കറ്റിലെ ദ്രവീകൃത ഓക്‌സിജന്റെ ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടിരുന്നു. പക്ഷെ അത് പരിഹരിച്ചിരുന്നു. എന്നാല്‍ വിക്ഷേപണത്തിന് മുമ്പുള്ള പരിശോധനയില്‍ വീണ്ടും ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ദൗത്യം മാറ്റിവെച്ചത്. ചോര്‍ച്ചയുടെ കാരണം വ്യക്തമല്ലാത്തതിനാല്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നുമാണ് സ്‌പേസ് എക്‌സ് പറയുന്നു. ജൂണ്‍ 30 വരെയാണ് ആക്‌സിയം ദൗത്യം വിക്ഷേപിക്കാനുള്ള സമയം. ദൗത്യം മാറ്റിവെച്ചതോടെ ശുഭാംശു ശുക്ല ഉള്‍പ്പെടെ ഉള്ളവര്‍ ക്വാറന്റൈനില്‍ തുടരും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ ദൗത്യമാണ്. 

Exit mobile version