വീട്ടിലെ ടാപ്പ് തുറന്നാല്‍ മദ്യം ഒഴുകിവരുന്ന പദ്ധതിക്കായ് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്ന വാര്‍ത്തക്കെതിരെ കേന്ദ്ര സര്‍ക്കാര്‍. അമിതപ്രതീക്ഷ വേണ്ടെന്ന മുന്നറിയിപ്പോടെ പിഐബി ഫാക്ട് ചെക്ക് ആണു വ്യാജപ്രചാരണത്തിനെതിരെ രംഗത്തുവന്നത്. ‘ലിക്വര്‍ പൈപ്പ്ലൈന്‍’ കിട്ടാനായി സര്‍ക്കാരിന് അപേക്ഷിക്കാമെന്നും വൈദ്യുതിയും വെള്ളവും പോലെ മദ്യവും വീട്ടില്‍ പൈപ്പില്‍ എത്തുമെന്നുമാണു സമൂഹമാധ്യമ പ്രചാരണത്തിലെ അവകാശവാദം. ‘ചില്‍ ചെയ്‌തോളൂ, പക്ഷേ അമിതപ്രതീക്ഷ വേണ്ട’ എന്നായിരുന്നു പ്രചാരണത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി മീം സഹിതം പിഐബി ഫാക്ട് ചെക്ക് ട്വീറ്റ് ചെയ്തത്.
‘ലിക്വര്‍ പൈപ്പ്ലൈനിന്’ അപേക്ഷ ക്ഷണിച്ചെന്നു സൂചിപ്പിക്കുന്ന വിജ്ഞാപനത്തിന്റെ പകര്‍പ്പെന്ന മട്ടില്‍ പ്രചരിക്കുന്ന കടലാസും പിഐബി ട്വീറ്റിലുണ്ടായിരുന്നു. ‘വെല്‍കം’ എന്ന ബോളിവുഡ് സിനിമയിലെ നാനാ പടേക്കറുടെ ചിത്രം സഹിതമായിരുന്നു പോസ്റ്റ്. ദേഷ്യം വരുമ്പോള്‍ ‘കണ്‍ട്രോള്‍, കണ്‍ട്രോള്‍’ എന്നു പറഞ്ഞു സ്വയം നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന കഥാപാത്രമാണിത്. മദ്യപരോടു കേന്ദ്രത്തിനും ഇക്കാര്യമാണ് പറയാനുള്ളത്: ‘ആഗ്രഹങ്ങള്‍ നിയന്ത്രിക്കൂ!’ വെന്നാണ് പ്രതികരണം.
നിത്യവും മദ്യപിക്കുന്നവരെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി ആവിഷ്‌കരിച്ചതാണു പദ്ധതി, അപേക്ഷിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് 11,000 രൂപയുടെ ഡിഡി അയയ്ക്കണം തുടങ്ങിയ കാര്യങ്ങളും ഹിന്ദിയിലെ ‘ഉത്തരവില്‍’ പറഞ്ഞിരുന്നു. അപേക്ഷകരുടെ വീട്ടില്‍ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തും. സാഹചര്യങ്ങളെല്ലാം അനുകൂലമാണെങ്കില്‍ ‘മദ്യ കണക്ഷന്‍’ നല്‍കും. പവര്‍ മീറ്ററുമായി ഘടിപ്പിച്ചാണു പ്രതിമാസ മദ്യബില്‍ തയാറാക്കുകയെന്നും വ്യാജ ഉത്തരവില്‍ പറഞ്ഞിരുന്നു.
English summary; Liquor Pipeline Project where you can get liquor at home tap; The central government responded to the news
You may also like this video;