കേരളത്തിൽ നിന്നയച്ച കെപിസിസി അംഗങ്ങളുടെ പട്ടിക അംഗീകരിച്ചിട്ടില്ലെന്ന് എഐസിസി. സംസ്ഥാനഘടകം നൽകിയ പട്ടികയിലുള്ളവരെ പ്ലീനറി സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ സമ്മേളനത്തിൽ പങ്കെടുത്തതുകൊണ്ട് പട്ടിക അംഗീകരിക്കപ്പെട്ടതായി അർത്ഥമില്ലെന്നും കേരള ഘടകം നൽകിയ പേരുകളിൽ തർക്കമുണ്ടെങ്കിൽ ചർച്ചയ്ക്ക് തയ്യാറാണെന്നും ദേശീയ നേതൃത്വം വ്യക്തമാക്കി. സംസ്ഥാന ചുമതലയുള്ള നേതാക്കളെ എഐസിസി ജനറൽ സെക്രട്ടറി ഇന്ന് ഇക്കാര്യം അറിയിക്കും. അതേസമയം സംസ്ഥാനത്തെ നേതാക്കള്‍ തമ്മിലുള്ള അടി മൂര്‍ധന്യത്തിലായി.
എഐസിസിയിലേക്ക് കെ സുധാകരനും വി ഡി സതീശനും സമർപ്പിച്ച നേതാക്കളുടെ പട്ടിക പുനഃപരിശോധിക്കുമെന്നാണ് ദേശീയ നേതൃത്വം സൂചിപ്പിച്ചത്. പട്ടികയ്ക്കെതിരെ എ, ഐ വിഭാഗങ്ങൾ രംഗത്തുവന്നതോടെയാണ് പരിശോധനയ്ക്ക് തയ്യാറായത്. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയടക്കം പരാതി ഉന്നയിച്ചതോടെ ലിസ്റ്റ് പുനഃപരിശോധിക്കാമെന്ന് ഉറപ്പു നൽകുകയായിരുന്നു. മുൻ കെപിസിസി അധ്യക്ഷന്മാരും പരാതി ഉയർത്തിയതോടെയാണ് പരാതിയില്‍ കഴമ്പുണ്ടെന്ന് നേതൃത്വത്തിന് തോന്നലുണ്ടായത്. ഇഷ്ടക്കാരെ നേതൃത്വം തിരുകിക്കയറ്റിയെന്ന് എ ഗ്രൂപ്പും ആരോപണം ഉന്നയിച്ചിരുന്നു.
പട്ടികയിൽ എഐസിസി നിർദ്ദേശിച്ച സംവരണം പാലിച്ചില്ലെന്ന ആക്ഷേപവുമായി മുൻ നിരയിലുള്ളത് കൊടിക്കുന്നിൽ സുരേഷാണ്. കെപിസിസിയിലേക്ക് അംഗങ്ങളെ തീരുമാനിക്കുന്നത് വർക്കിങ് പ്രസിഡണ്ടായ താൻ പോലും അറിയുന്നത് സമൂഹ മാധ്യമങ്ങളിലൂടെയാണെന്ന ഗൗരവമേറിയ പരാതിയും കൊടിക്കുന്നിലിനുണ്ട്. പട്ടികയിൽ ആരൊക്കെ ഇടം പിടിച്ചു എന്ന കാര്യം അജ്ഞാതമാണെന്ന് പി സി വിഷ്ണുനാഥും തുറന്നടിച്ചു. മുൻ കെപിസിസി പ്രസിഡണ്ടായ താൻ തുടർച്ചയായി അവഗണിക്കപ്പെടുകയാണെന്ന് പരാതിപ്പെട്ട മുല്ലപ്പള്ളിയാകട്ടെ കെ സുധാകരനും വിഡി സതീശനും അടങ്ങുന്ന കോക്കസാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന് വെട്ടിത്തുറന്ന് പറയുകയും ചെയ്തു.
നിലവില്‍ 60 അംഗ പട്ടികയാണ് ദേശീയ നേതൃത്വത്തിന് അയച്ചിരിക്കുന്നത്. എന്നാൽ എണ്ണം 50ൽ കൂടുതലാവാൻ പാടില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. തുടർന്ന് പത്ത് പേരുകൾ പട്ടികയിൽ നിന്ന് മാറ്റി. എന്നാല്‍ ക്ഷണിക്കപ്പെട്ടതനുസരിച്ച് പത്തു നേതാക്കളും പ്ലീനറി സമ്മേളനത്തിന് എത്തിയെങ്കിലും പങ്കെടുക്കാനായില്ല.
അതേസമയം പട്ടികയിലുള്ളവരുടെ യോഗ്യതയല്ല പരാതി ഉന്നയിക്കുന്നവർ ചോദ്യംചെയ്യുന്നത്. അവരെക്കാൾ അർഹതയുള്ള ആളുകൾ ഉണ്ടായിരുന്നെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. പട്ടികയിലെ തർക്കം ഉടന്‍ പരിഹരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടി കെ സി വേണുഗോപാൽ പറഞ്ഞു.
English Summary: List of KPCC members will change and Sudhakaran and Satheesan will suffer a setback
You may also like this video