Site iconSite icon Janayugom Online

തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നിറങ്ങും; നാമനിർദേശ പത്രിക സമർപ്പണം രാവിലെ 11 മുതൽ

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. വിജ്ഞാപനം ഇറങ്ങുന്നതോടെ രാവിലെ 11 മണി മുതൽ സ്ഥാനാർത്ഥികൾക്ക് നേരിട്ടോ നിർദ്ദേശകൻ വഴിയോ നാമനിർദേശ പത്രിക സമർപ്പിച്ചു തുടങ്ങാം. നവംബർ 21നാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 22ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. നവംബർ 24 വരെ പത്രിക പിൻവലിക്കാം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സംസ്ഥാനത്ത് ഈ മാസം 10 മുതൽ നിലവിലുണ്ട്. 

മട്ടന്നൂർ നഗരസഭ ഒഴികെയുള്ള 1,199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഡിസംബർ 9,11 തീയതികളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഡിസംബർ 9നും തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഡിസംബർ 11നും വോട്ടെടുപ്പ് നടക്കും. രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണി വരെയാകും വോട്ടെടുപ്പ്. 3,746 പോളിങ് കേന്ദ്രങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ഗ്രാമതലത്തിൽ ഒരാൾക്ക് മൂന്ന് വോട്ടും നഗരത്തിൽ ഒരു വോട്ടുമാണ് ചെയ്യാനാകുക. ഡിസംബർ 13ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. 23,576 വാർഡുകൾ, 941 പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്ത്, 87 നഗരസഭ, 14 ജില്ലാ പഞ്ചായത്ത്, ആറ് കോർപ്പറേഷൻ എന്നിവിടങ്ങളിലേക്കാകും തിരഞ്ഞെടുപ്പ് നടക്കുക.

Exit mobile version