തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി വാർഡുകളിൽ വിജയം കൊയ്യാനായി പണമെറിയാനുറച്ച് ബിജെപി. ഇതിനായി വാർഡുകളെ പ്രത്യേക കാറ്റഗറികളായി തിരിച്ച് അടവുകൾ പ്രയോഗിക്കാനാണ് തീരുമാനം. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി മുന്നിലെത്തിയ വാർഡുകൾ, സംഘടനാ ശക്തികൊണ്ട് വിജയിക്കേണ്ടവ, ഇടതുപക്ഷത്തിൽ നിന്നും കോൺഗ്രസിൽ നിന്നും പിടിച്ചെടുക്കേണ്ട വാർഡുകൾ, ക്രിസ്ത്യൻ ഔട്ട് റീച്ചിന്റെ പരീക്ഷണശാല എന്നിങ്ങനെ പഞ്ചായത്ത്-നഗരസഭാ വാർഡുകളെ തരം തിരിച്ച്, അങ്ങനെയുള്ള ഓരോ വാർഡിലും പ്രത്യേകമായി ചെലവഴിക്കേണ്ട തുകയും നിശ്ചയിച്ചാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഒരു ലക്ഷം മുതൽ നാല് ലക്ഷം വരെ രൂപ വാർഡിന്റെ സ്വഭാവമനുസരിച്ച് പ്രത്യേകമായി ചെലവഴിക്കാൻ നിശ്ചയിച്ചിട്ടുണ്ടെന്നാണ് ചില സമൂഹ മാധ്യമ വാർത്താ ചാനലുകൾ വെളിപ്പെടുത്തുന്നത്.
കാറ്റഗറി ഒന്ന് മുതൽ കാറ്റഗറി അഞ്ച് വരെയായി തരം തിരിച്ചിട്ടുള്ള വാർഡുകൾ ഉൾക്കൊള്ളുന്ന വിഭാഗങ്ങളുടെ ചുമതലക്കാരായി എം ടി രമേശ്, എസ് സുരേഷ്, അനൂപ് ആന്റണി, കെ കെ അനിൽകുമാർ, ഷോൺ ജോർജ് എന്നിവരെയും നിശ്‌ചയിച്ചിട്ടുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ മുന്നിലെത്തിയ വാർഡുകൾ 5000 ഉണ്ടെന്നാണ് വിലയിരുത്തൽ. കോൺഗ്രസിൽ നിന്ന് 2000 വാർഡുകളാണ് പിടിച്ചെടുക്കേണ്ടത്. അത് എളുപ്പമാണെന്നാണ് പ്രതീക്ഷ. ക്രിസ്ത്യൻ സ്വാധീനമുള്ള 1000 വാർഡുകളിൽ വിജയിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. ഈ സ്പെഷ്യൽ വാർഡുകളിൽ രഹസ്യസ്വഭാവത്തോടെയാവും പ്രവർത്തനം. സ്വന്തം സംഘടനാ ശക്തികൊണ്ടും ആർഎസ്എസിന്റെ സംഘടനാ ശക്തി ഉപയോഗിച്ചും പിടിക്കേണ്ട 2000 വാർഡുകളുണ്ട്. ഇടതുപക്ഷത്തു നിന്ന് നേടേണ്ട വാർഡുകളുടെ എണ്ണം നിശ്ചയിച്ചിട്ടില്ലെങ്കിലും കടുത്ത പോരാട്ടം വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ഈ വാർത്തകളെ സ്ഥിരീകരിക്കുന്നതായിരുന്നു അടുത്ത ദിവസത്തെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന. തദ്ദേശ തെരഞ്ഞടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം സെമി ഫൈനലല്ല ഫൈനൽ തന്നെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ.
ഓഗസ്റ്റ് അവസാനവാരം കൊച്ചിയിൽ ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ, തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാൻ 21 ഇന കർമപദ്ധതി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം പിടിക്കാനുള്ള തന്ത്രത്തിന്റെ ആദ്യപടിയായി തദ്ദേശ തെരഞ്ഞെടുപ്പിനെ മാറ്റുന്നതിനുള്ള റോഡ് മാപ്പ് എന്നാണ് കർമ്മപദ്ധതിയെ വിശേഷിപ്പിച്ചത്. അതിന്റെ ചുവടുപിടിച്ചുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

