തദ്ദേശ തെരഞ്ഞെടുപ്പിൽ മതാടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ ബിജെപി. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവരെ സ്ഥാനാർത്ഥികൾ ആക്കാനാണ് ബിജെപി കീഴ്ഘടകങ്ങൾക്ക് അയച്ച സർക്കുലറിൽ പറയുന്നത്. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് ഇറക്കിയ സർക്കുലറാണ് പുറത്തുവന്നത്. സംസ്ഥാന ഘടകത്തിൻ്റെ നിർദേശമനുസരിച്ചാണ് നടപടി. പഞ്ചായത്ത് അടിസ്ഥാനത്തിൽ മത്സരിപ്പിക്കേണ്ട സ്ഥാനാർത്ഥികളുടെ എണ്ണം അറിയിച്ച് കീഴ്ഘടകങ്ങൾക്ക് നോട്ടീസ് നൽകി.
സംസ്ഥാന ഘടകം നടത്തിയ സർവ്വേയിൽ ഓരോ പഞ്ചായത്തിലും പരിഗണിക്കേണ്ടുന്ന ക്രിസ്ത്യൻ സ്ഥാനാർത്ഥികളുടെ എണ്ണം സർക്കുലറിൽ നിശ്ചയിച്ച് നൽകിയിട്ടുണ്ട്. കണ്ണൂരിലെ മലയോര മേഖലയിലെ ഒമ്പത് പഞ്ചായത്തുകളാണ് പുറത്തുവന്ന സർക്കുലറിൽ പരാമർശിക്കുന്നത്. ആകെ 47 ക്രിസ്ത്യൻ സ്ഥാനാർത്ഥികൾ വേണം എന്നാണ് പറയുന്നത്. ഉദയഗിരി 4, ആലക്കോട് 4, നടുവിൽ 8, എരുവശ്ശേരി 7, പയ്യാവൂർ 8, ഉളിക്കൽ 9, ശ്രീകണ്ഠാപുരം 2, ചപ്പാരപ്പടവ് 2, ചെറുപുഴ 3 എന്നിങ്ങനെയാണ് കണക്ക്.

