Site iconSite icon Janayugom Online

തദ്ദേശ പോരാട്ടം; വോട്ടെടുപ്പ് ആരംഭിച്ചു, വോട്ടർമാർ ബൂത്തിലേക്കെത്തി തുടങ്ങി

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ട വോട്ടെടുപ്പിന് തുടക്കം. ജനങ്ങള്‍ വിധിയെ‍ഴുതാനായി പോളിങ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. രാവിലെ 7 മുതൽ വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ് നടക്കുക. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് – 471, ബ്ലോക്ക് പഞ്ചായത്ത് – 75, ജില്ലാ പഞ്ചായത്ത് – 7, മുനിസിപ്പാലിറ്റി – 39, കോർപ്പറേഷൻ – 3) 11168 വാർഡുകളിലേക്കാണ് (ഗ്രാമ പഞ്ചായത്ത് വാർഡ് – 8310, ബ്ലോക്ക് പഞ്ചായത്ത് വാർഡ് – 1090, ജില്ലാ പഞ്ചായത്ത് വാർഡ് – 164, മുനിസിപ്പാലിറ്റി വാർഡ് – 1371, കോർപ്പറേഷൻ വാർഡ് – 233) വോട്ടെടുപ്പ് നടക്കുന്നത്.

ആകെ 13283789 വോട്ടർമാരാണ് പട്ടികയിലുള്ളത് (പുരുഷൻമാർ – 6251219, സ്ത്രീകൾ – 7032444, ട്രാൻസ്ജെൻഡർ – 126). 456 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. പഞ്ചായത്തുകളിൽ ആകെ 10146336 ഉം, മുനിസിപ്പാലിറ്റികളിൽ 1558524 ഉം, കോർപ്പറേഷനുകളിൽ 1578929 വോട്ടർമാരും ആണുള്ളത്.

ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് 27141 ഉം, ബ്ലോക്ക് പഞ്ചായത്തിലേക്ക് 3366 ഉം, മുനിസിപ്പാലിറ്റികളിലേക്ക് 4480 ഉം, ജില്ലാപഞ്ചായത്തിലേക്ക് 594 ഉം, കോർപ്പറേഷനുകളിലേക്ക് 1049 സ്ഥാനാർത്ഥികളുമാണ് മത്സരരംഗത്തുളളത്. ആദ്യഘട്ടത്തിൽ ആകെ 15432 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതിൽ 480 എണ്ണം പ്രശ്നബാധിത ബൂത്തുകളായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. 15432 കൺട്രോൾ യൂണിറ്റും 40261 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2516 കൺട്രോൾ യൂണിറ്റും 6501 ബാലറ്റ് യൂണിറ്റും റിസർവ്വായി കരുതിയത്. 

Exit mobile version