Site iconSite icon Janayugom Online

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍; വിളിച്ച ആള്‍ അറസ്റ്റില്‍

പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നെന്ന വ്യാജേന നാവികസേന ആസ്ഥാനത്തേക്ക് ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ വിവരം തേടി വിളിച്ച ആൾ അറസ്റ്റിൽ. കോഴിക്കോട് എലത്തൂർ സ്വദേശി മുജീബ് റഹ്മാനെയാണ് പൊലീസ് പിടികൂടിയത്. മുജീബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്തിനാണ് ഐഎൻഎസ് വിക്രാന്തിന്റെ വിവരങ്ങൾ തേടിയെന്നത് സംബന്ധിച്ച് വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് കൊച്ചി ഹാർബർ പൊലീസ് അറിയിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം മുജീബ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ വ്യക്തമാക്കി. 2021 മുതൽ മുജീബ് മാനസിക രോഗത്തിന് ചികിത്സ തേടുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും കമ്മിഷണർ വ്യക്തമാക്കി. 

വ്യക്തിഗത വിവരങ്ങൾ മറച്ചുവച്ച് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ബിഎൻഎസ് 319 അനുസരിച്ച് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പരസ്പര വിരുദ്ധമായാണ് മുജീബ് മൊഴികൾ നൽകുന്നതെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച കൊച്ചി നാവിക ആസ്ഥാനത്തെ ഔദ്യോഗിക ഫോൺ നമ്പറിലേക്കു വിളിച്ചായിരുന്നു ഐഎൻഎസ് വിക്രാന്തിന്റെ ‘ലൊക്കേഷൻ’ എവിടെ എന്ന അന്വേഷണം വന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്നും ‘രാഘവൻ’ എന്നാണ് പേരെന്നും വിളിച്ചയാൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾ നാവിക ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ ഒരു ഫോൺ നമ്പർ പറഞ്ഞെങ്കിലും പെട്ടെന്നു തന്നെ ഫോൺ കട്ട് ചെയ്തു. ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം മൂർധന്യത്തിലായിരുന്നതിനാൽ നാവിക സേനയും അതീവജാഗ്രതയിൽ ആയിരുന്നു. ഇതോടെ പൊലീസ് അന്വേഷണം തുടങ്ങുകയും ഫോൺ വിളിച്ചയാളെ തിരിച്ചറിയുകയും ചെയ്തു.

Exit mobile version