Site iconSite icon Janayugom Online

ലോക കേരള സഭ ആരംഭിച്ചു; കേരളത്തിന്റെ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ പ്രവാസികള്‍ കൂടെ നിന്നു: മുഖ്യമന്ത്രി

ലോക കേരള സഭയുടെ അഞ്ചാമത് സമ്മേളനത്തിന് തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഉണ്ടായ നിരവധി പ്രതിസന്ധികള്‍ തരണം ചെയ്യാൻ പ്രവാസി സമൂഹം കൂടെ നിന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട പുതിയ നയ സമീപന രേഖ പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച് അഭിപ്രായങ്ങള്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു നവകേരളത്തിലേക്കുള്ള യാത്രയിലാണ് നാം. കേരളത്തില്‍ നിലവില്‍ വന്ന മാറ്റങ്ങള്‍ എല്ലാവര്‍ക്കും കാണാം. 

ദേശീയ പാത, മലയോര ഹെെവേ, തീരദേശ ഹെെവേ എന്നിവ യാഥാര്‍ത്ഥ്യമാക്കി കേരളം മുന്നോട്ട് കുതിക്കുകയാണ്. കോവളം-ബേക്കല്‍ ജലപാതയുടെ ഭാഗമായി കോവളം മുതല്‍ ചേറ്റുവ വരെയുള്ള കനാല്‍ അടുത്ത മാസം നാടിന് സമര്‍പ്പിക്കും. എല്ലാ മേഖലയിലും കേരളത്തിന്റെ മാറ്റം പ്രകടമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തിനു തന്നെ കേരളം മാതൃകയാണ്. നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറി. കഴിഞ്ഞ പത്ത് വര്‍ഷമായി വര്‍ഗീയ കലാപം ഇല്ലാത്ത സംസ്ഥാനമാണ് കേരളം. വര്‍ഗീയ ശക്തികളെ തലപൊക്കാൻ അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ലോക കേരള സഭ ബഹിഷ്കരിച്ച പ്രതിപക്ഷത്തിന്റെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേര്‍ത്തു.

സ്പീക്കര്‍ എ എൻ ഷംസീര്‍ അധ്യക്ഷനായ ചടങ്ങില്‍ ചീഫ് സെക്രട്ടറി ‍ഡോ. എ ജയതിലക് സ്വാഗതം പറഞ്ഞു. മന്ത്രിമാരായ കെ രാജൻ, ജി ആര്‍ അനില്‍, വി ശിവൻകുട്ടി, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, നോര്‍ക്കാ റൂട്ട്സ് റെസിഡന്റ് വെെസ് ചെയര്‍മാൻ പി ശ്രീരാമകൃഷ്ണൻ, വൈസ് ചെയര്‍മാന്‍ എം എ യൂസഫലി, ഡയറക്ടര്‍ രവി പിള്ള, ഗോകുലം ഗോപാലന്‍, നോര്‍ക്ക സെക്രട്ടറി അനുപമ ടി വി എന്നിവര്‍ പങ്കെടുത്തു.
ഇന്നും നാളെയും നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ പ്രതിനിധി സമ്മേളനം നടക്കും. 

Exit mobile version