ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി. സീറ്റ് നിഷേധിച്ച മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന ഹർഷ് വർധൻ രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ചു.
ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ നിന്നുള്ള എംപിയാണ് ഹർഷ് വർധൻ. ബിജെപിയുടെ ആദ്യഘട്ട പട്ടികയിൽ ഹർഷ് വർധന് പകരം പ്രവീൺ ഖണ്ഡേൽവാളിനെയാണ് ഇവിടെ സ്ഥാനാർത്ഥിയാക്കിയത്. 33 വർഷത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച ഹർഷ് വർധൻ ഇനി കൃഷ്ണനഗറിലെ ക്ലിനിക്കിൽ ജോലി ചെയ്യുമെന്നും സമൂഹമാധ്യമത്തില്‍ അറിയിച്ചു.
അഞ്ച് തവണ എംഎൽഎയായും രണ്ട് തവണ എംപിയായും പദവി വഹിച്ചിട്ടുണ്ട്. 2013 ല്‍ ഡല്‍ഹിയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്നു ഹര്‍ഷ വര്‍ധന്‍. ബിജെപി എംപിമാരായിരുന്ന ജയന്ത് സിന്‍ഹയും ഗൗതം ഗംഭീറും രാഷ്ട്രീയം വിടുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗുജറാത്തിലെ മുതിര്‍ന്ന നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ നിതിന്‍ പട്ടേലും സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് അറിയിച്ചിട്ടുണ്ട്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധത്തെ തുടര്‍ന്ന് ഭോജ്പുരി ഗായകനും ബംഗാളി നടനുമായ പവന്‍ സിങ്ങിന് പിന്‍മാറേണ്ടിവന്നത് പശ്ചിമ ബംഗാളില്‍ അപ്രതീക്ഷിത തിരിച്ചടിയായി. അസന്‍സോളിലെ സ്ഥാനാര്‍ത്ഥിയായിരുന്നു പവന്‍ സിങ്. എന്നാല്‍ പ്രഖ്യാപനത്തിന് പിന്നാലെ പവന്‍ സിങിന്റെ ഗാനങ്ങളില്‍ സ്ത്രീകളെ, പ്രത്യേകിച്ച് ബംഗാളി സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന ആരോപണം സമൂഹ മാധ്യമങ്ങളില്‍ ശക്തമായി. ബിഹാറിലെ അരോഹ് സ്വദേശിയായ പവന്‍ സിങ്ങിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ബിജെപിയിലും ശക്തമായ എതിർപ്പുകൾ ഉയർന്നു.
അസമില്‍ പ്രതിഷേധത്തെ തുടര്‍ന്ന് ചിലരെ മണ്ഡലം മാറ്റി. പ്രഖ്യാപനം വന്ന അന്നുതന്നെ കേരളത്തില്‍ പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ പരസ്യ പ്രതിഷേധമുയര്‍ന്നിരുന്നു. കാസര്‍കോടും അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന സി രഘുനാഥിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കണ്ണൂരിലും മുറുമുറുപ്പുണ്ട്.
ആദ്യഘട്ട പട്ടികയില്‍ മാത്രം 33 സിറ്റിങ് എംപിമാര്‍ക്ക് സീറ്റ് നഷ്ടമായി. ഇവരില്‍ പലരും പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. പ്രഗ്യാ താക്കൂർ, മീനാക്ഷി ലേഖി, ഡൽഹിയിൽ നിന്നുള്ള പർവേഷ് സാഹിബ് സിങ് വർമ, രമേഷ് ബിധുരി തുടങ്ങിയവരും ഇക്കുറി സീറ്റ് നിഷേധിക്കപ്പെട്ട പ്രമുഖരിലുണ്ട്. ഭോപ്പാലില്‍ നിന്ന് വന്‍ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ ജയിച്ച പ്രഗ്യാ താക്കൂര്‍ മലേഗാവ് സ്ഫോടനം ഉള്‍പ്പെടെ കേസില്‍ പ്രതിയാണ്. ഇവരെ ഒഴിവാക്കിയത് ആര്‍എസ്എസ് വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
യുപിയില്‍ 51 സീറ്റുകളില്‍ പ്രഖ്യാപനം നടത്തിയപ്പോള്‍ സീറ്റിങ് എംപിമാര്‍ക്ക് പ്രാമുഖ്യം ലഭിച്ചിരുന്നു. വിമതഭീതിയാണ് ഇതിന് കാരണം. മനേക ഗാന്ധി, മകൻ വരുൺ ഗാന്ധി, ബ്രിജ് ഭൂഷൺ ശരൺ സിങ്, സംഘമിത്ര മൗര്യ എന്നിവരുടെ പേരുകൾ ആദ്യപട്ടികയിൽ ഉണ്ടായിരുന്നില്ല. ഇവര്‍ക്കും സീറ്റ് നിഷേധിക്കപ്പെടുമെന്നാണ് സൂചനകള്‍. വരുൺ ഗാന്ധി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരവധി തവണ പാർട്ടിക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ സീറ്റുകളിലൊന്നും ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ജനറൽ വി കെ സിങ്ങിനും സീറ്റ് നിഷേധിച്ചേക്കുമെന്നാണ് സൂചനകള്‍.
English Summary: lok sabha elections bjp candidate announcement; Harsh Vardhan quits politics
You may also like this video