Site icon Janayugom Online

കോവിഡ്: കാര്‍ഷിക മേഖലയിലെ മൊത്തം നഷ്ടം 1570.75 കോടി

കോവിഡ് മഹാമാരിയില്‍ കാര്‍ഷിക മേഖലയിലെ മൊത്തം നഷ്ടം 1570.75 കോടി രൂപയെന്ന് മന്ത്രി പി പ്രസാദ്. കര്‍ഷകത്തൊഴിലാളികളുടെ വേതന നഷ്ടം 200.30 കോടി രൂപയാണ്. ഉല്പന്നങ്ങളുടെ ഡിമാന്റ് കുറഞ്ഞതും വിതരണ ശൃംഖല തടസപ്പെട്ടതുമാണ് സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് വരുമാന നഷ്ടമുണ്ടാക്കിയതെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.

തൊഴിലാളികളുടെ അഭാവം മൂലം യഥാസമയം ഏലം വിളവെടുക്കാത്തതുകൊണ്ടുണ്ടായ നഷ്ടം ഹെക്ടറിന് കുറഞ്ഞത് 10 കിലോഗ്രാം എന്ന തോതില്‍ കണക്കാക്കിയാല്‍ ഈ സീസണില്‍ ഏകദേശം 300 മെട്രിക് ടണ്‍ വിളനാശം സംഭവിക്കാനിടയുണ്ട്. ഇ‑ലേലങ്ങളിലെ വ്യാപാരത്തിന്റെ മൂല്യം 2019 മാര്‍ച്ചിലും ഏപ്രിലിലുമായി 461 കോടിയില്‍ നിന്ന് 2020 മാര്‍ച്ചിലും ഏപ്രിലിലുമായി 239 കോടി രൂപയായി കുറഞ്ഞു. കുരുമുളക് വില കിലോയ്ക്ക് 330 രൂപയില്‍ നിന്നും 290 രൂപയായി കുറഞ്ഞു. 

കേരളത്തിന്റെ കുരുമുളക് മേഖലയിലെ മൊത്തം നഷ്ടം 50 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു. നെല്‍കൃഷി മേഖലയില്‍ ഏകദേശം 15 കോടി രൂപയുടെ നഷ്ടമുണ്ടായി. കേരളത്തില്‍ നിന്നുള്ള പച്ചക്കറി കയറ്റുമതിയില്‍ 40 ശതമാനം കുറവുണ്ടായി. 2020 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പച്ചക്കറി മേഖലയിലെ നഷ്ടം ഏകദേശം 147 കോടി രൂപയാണ്. ഇതിനു പുറമേ വിഎഫ്‌പിസികെയുടെ കീഴിലുള്ള സ്വാശ്രയ കര്‍ഷക സമിതികള്‍ ഏകദേശം 11 കോടി രൂപയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry : loss sta­tis­tics in agri­cul­tur­al sec­tor due to covid

You may also like this video :

Exit mobile version