മദ്യലഹരിയിൽ സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരന് പരിക്ക്. അപകടത്തിന് പിന്നാലെ നാട്ടുകാരെയും പൊലീസിനെയും ആക്രമിച്ച താരത്തെ ബലംപ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാത്രി എംസി റോഡിൽ നാട്ടകം ഗവൺമെന്റ് കോളജിന് സമീപമായിരുന്നു സംഭവം.
കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാർത്ഥ് പ്രഭുവിന്റെ കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിന്നിരുന്ന ലോട്ടറി വിൽപ്പനക്കാരനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന് പിന്നാലെ കാറിൽ നിന്നിറങ്ങിയ സിദ്ധാർത്ഥ് നാട്ടുകാരോട് തർക്കിക്കുകയും അസഭ്യം പറയുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിക്കാനും താരം മുതിർന്നു. ഒടുവിൽ പൊലീസ് ബലംപ്രയോഗിച്ച് കീഴടക്കിയാണ് സിദ്ധാർത്ഥിനെ സ്റ്റേഷനിലെത്തിച്ചത്. താരം നടുറോഡിൽ കിടന്ന് ബഹളം വെക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

