Site iconSite icon Janayugom Online

തരൂര്‍ വിഷയത്തില്‍ ഹൈക്കമാന്‍ഡിന് പരാതി

പരാതി നല്‍കിയത് എം കെ രാഘവന്‍ എംപി

ശശി തരൂർ എംപിയുടെ പരിപാടികൾക്ക് സംസ്ഥാനത്ത് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡിന് പരാതി. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തരൂരിനൊപ്പം പരസ്യമായി നിലകൊണ്ട കോഴിക്കോട് എംപി എം കെ രാഘവനാണ് ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പരിപാടി അപ്രതീക്ഷിതമായി മാറ്റിവച്ചതാണ് അന്വേഷണ വിധേയമാക്കേണ്ടതെന്ന് രാഘവന്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. തരൂരിനെതിരെയുള്ള കേരള നേതാക്കളുടെ നിലപാടിനെ പിന്തുണച്ച് ജനറല്‍ സെക്രട്ടറി താരിഖ് അൻവർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് നിലപാട് എന്തായിരിക്കുമെന്നാണ് കേരള രാഷ്ട്രീയം കാത്തിരിക്കുന്നത്.

ആരും പാർട്ടിയെ ധിക്കരിക്കാൻ പാടില്ലെന്നാണ് തരൂരിനെ ലക്ഷ്യമിട്ട് താരിഖ് അൻവർ പറഞ്ഞത്. പാർട്ടി നിർദ്ദേശം അനുസരിക്കണം. വിഭാഗീയത പാടില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടിനെ പിന്തുണക്കുന്നതായും അന്‍വര്‍ വ്യക്തമാക്കിയിരുന്നു. തരൂരിന്റെ കേരള പര്യടനത്തിനെതിരെയുള്ള ദേശീയ നേതൃത്വത്തിന്റെ ആദ്യ പ്രതികരണമായിരുന്നു അന്‍വറിന്റേത്. എം കെ രാഘവന്റെ പരാതി രേഖാമൂലം ലഭിച്ചതോടെ അന്‍വറിന്റേത് വ്യക്തിപരമായി മാറിയേക്കാം. ഡിസംബർ നാലിന് നടക്കുന്ന കോൺഗ്രസ് ദേശീയ സ്റ്റിയറിങ് കമ്മിറ്റിയിൽ തരൂർ വിഷയം ചർച്ചയ്ക്കെടുക്കാനും സാധ്യതയേറി.

തരൂരിനെ നിസാരമായി കാണാനാവില്ല; മെസിക്ക് തലയില്‍ മുണ്ടിട്ട് പോകേണ്ടിവന്ന പോലെയാകും- കെ മുരളീധരന്‍

ആളുകളെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യരുതെന്ന് കെ മുരളീധരന്‍ എംപി. സദ്യ അറേബ്യ ഒരു ചെറിയ രാജ്യമാണ്. ആരും വലിയ കാര്യമായി എടുത്തില്ല. പക്ഷെ അവരുടെ കളി കഴിഞ്ഞപ്പോള്‍ സാക്ഷാല്‍ മെസിക്കുപോലും തലയില്‍ മുണ്ടിട്ട് പോവേണ്ടി വന്നു- ശശി തരൂരിനെതിരെയുള്ള നീക്കത്തില്‍ പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.

ശശി തരൂര്‍ വിഭാഗിയ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടത്തുന്നില്ല. നടത്തുന്നെങ്കില്‍ ആദ്യം അതിനെതിരെ താന്‍ പ്രതികരിക്കുമായിരുന്നു എന്നും മുരളീധരന്‍ പറഞ്ഞു. മലപ്പുറത്തെത്തിയാല്‍ ഏത് നേതാക്കളും പാണക്കാട് പോവുകയും തങ്ങള്‍മാരെ കാണുകയും പതിവാണ്. അതിലൊന്നും വിഭാഗീയതയില്ല.

തരൂരിന് മുന്നറിയിപ്പ് നല്‍കിയ വി ഡി സതീശന്റെ പരാമര്‍ശങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴും മുരളീധരന്‍ വിമര്‍ശനമുന്നയിച്ചു. അതെല്ലാം ബലൂണ്‍ ചര്‍ച്ചയാണ്. ഊതി വീര്‍പ്പിച്ച ഇത്തരം ചര്‍ച്ചകളുടെ ാആവശ്യംപോലും ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു.

 

Eng­lish Sam­mury: MK Ragha­van demands enquiry on Youth Con­gress back­ing away from event host­ing Shashi Tharoor

Exit mobile version