Site icon Janayugom Online

എം ടി ചന്ദ്രസേനൻ സ്മാരക പുരസ്‌ക്കാരം പി കെ മേദിനിക്ക് സമ്മാനിച്ചു

സിപിഐ നേതാവും പുന്നപ്ര വയലാർ സമര സേനാനിയുമായിരുന്ന എം ടി ചന്ദ്രസേനന്റെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്‌ക്കാരം കൃഷി മന്ത്രി പി പ്രസാദ് വിപ്ലവ ഗായിക പി കെ മേദിനിക്ക് സമ്മാനിച്ചു. എം ടി ചന്ദ്രസേനൻ സ്മാരക ട്രസ്റ്റ്‌ ആണ് ചടങ്ങ് സംഘടിപ്പിച്ചത് . ഫലകവും 10, 001 രൂപയും അടങ്ങിയതാണ് പുരസ്‌ക്കാരം. ചടങ്ങിൽ സി അച്യുതമേനോൻ , എം ടി ചന്ദ്രസേനൻ എന്നിവരെ അനുസ്മരിച്ചു . രാഷ്ട്രീയ പ്രവർത്തനം ഏറെ ദുഷ്‌ക്കരമായ കാലത്ത് ജനങ്ങളുടെ മോചനത്തിനായി പൊരുതിയ നേതാക്കളായിരുന്നു അച്യുതമേനോനും , എം ടി ചന്ദ്രസേനനുമെന്ന് പരിപാടി ഉദ്‌ഘാടനം ചെയ്തുകൊണ്ട് പി പ്രസാദ് പറഞ്ഞു .

പുന്നപ്ര വയലാർ സമരത്തിന് നെടുനായകത്വം വഹിച്ച ചന്ദ്രസേനൻ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചു . സർ സിപിയുടെ നിറതോക്കുകൾക്ക് മുന്നിൽ വിരിമാറ് കാട്ടുവാൻ ജനതയെ പ്രേരിപ്പിച്ചത് അവരുടെ ജീവിതാനുഭവങ്ങൾ ആയിരിന്നു .പോരാട്ടങ്ങളിലൂടെ അല്ലാതെ തടവറയിൽ നിന്ന് മോചനം ഇല്ലെന്ന് അവർ തിരിച്ചറിഞ്ഞു. ആധുനിക കേരളം സൃഷ്ടിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഭരണാധികാരിയായിരുന്നു അച്യുതമേനോനെന്ന് അദ്ദേഹം അനുസ്മരിച്ചു .

രാസവളം ലഭ്യമല്ലാത്ത കാലത്ത് ജൈവ പച്ചക്കറി കൃഷിയിലൂടെ ആദ്യമായി ജനകീയ പദ്ധതി  നടപ്പാക്കിയതും  അച്യുതമേനോൻ ആയിരിന്നു എന്നും മന്ത്രി പറഞ്ഞു. സി അച്യുതമേനോൻ , എം ടി ചന്ദ്രസേനൻ അനുസ്മരണ പ്രഭാഷണം മുൻ  മന്ത്രി പി തിലോത്തമൻ നടത്തി . ട്രസ്റ്റ് പ്രസിഡന്റ് എ ശിവരാജൻ അധ്യക്ഷനായി . സെക്രട്ടറി ടി ജെ ആഞ്ചലോസ് സ്വാഗതം പറഞ്ഞു . സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശൻ , ജി കൃഷ്ണപ്രസാദ്‌ , സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ , ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി ജ്യോതിസ് , വി മോഹൻദാസ് , മണ്ഡലം സെക്രട്ടറിമാരായ ഇ കെ ജയൻ, എസ് പ്രകാശൻ  തുടങ്ങിയവർ പങ്കെടുത്തു .

You may also like this video:

Exit mobile version