Site iconSite icon Janayugom Online

മാധബി ബുച്ച് പാര്‍ലമെന്റ് കമ്മിറ്റി മുമ്പാകെ ഹാജരാകണം

buchebuche

പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) മുമ്പാകെ ഹാജരാകണമെന്ന് മാധബി ബുച്ചിന് നോട്ടീസ്. സാമ്പത്തികകാര്യ, റവന്യുവകുപ്പ് ഉദ്യോഗസ്ഥരും ഈമാസം 24ന് കമ്മിറ്റി മുമ്പാകെ ഹാജരാകണമെന്ന് അറിയിപ്പ് നല്‍കി.

സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനും, ഭര്‍ത്താവിനും അഡാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴല്‍ കമ്പനികളില്‍ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിന്‍ഡന്‍ ബര്‍ഗ് കണ്ടെത്തല്‍. അഡാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നില്‍ ഈ ബന്ധമെന്നും ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ആരോപണങ്ങള്‍ മാധബിയും അഡാനി ഗ്രൂപ്പും നിഷേധിച്ചിരുന്നു. 

കേന്ദ്രസര്‍ക്കാരിന്റെ വരവുചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്ന, 22 എംപിമാരടങ്ങുന്ന സമിതിയാണ് പിഎസി. കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലാണ് പിഎസി അധ്യക്ഷന്‍. പിഎസിയിലെ പ്രതിപക്ഷ അംഗങ്ങള്‍ മാധബി ബുച്ചിനെ വിളിച്ചുവരുത്തണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി അംഗങ്ങള്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു.

സെബിയുടെ നിലവിലെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള രേഖകള്‍ സഹിതം ഹാജരാകാനാണ് നിര്‍ദേശം. ഹിന്‍ഡന്‍ബര്‍ഗ് മാധബി ബുച്ചിനെതിരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടും അഡാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നതില്‍ സെബിയുടെ നിഷ്പക്ഷ നിലപാട് സംബന്ധിച്ചും ചോദ്യങ്ങള്‍ ചോദിക്കുമെന്ന് പിഎസി അംഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

32,000 കോടിയുടെ വരുമാനനഷ്ടവുമായി ബന്ധപ്പെട്ട് ടെലികോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യ (ട്രായ്) ഉദ്യോഗസ്ഥര്‍ക്കും പിഎസി നോട്ടീസ് അയച്ചിട്ടുണ്ട്. 

Exit mobile version