Site iconSite icon Janayugom Online

മഹാകുംഭമേള: റെയില്‍വേയ്ക്ക് 3.31 ലക്ഷം രൂപ നഷ്ടമെന്ന് മന്ത്രി

മഹാകുംഭമേളയ്ക്കിടെ റെയില്‍വേ സ്വത്തുക്കള്‍ നശിപ്പിച്ചത് സംബന്ധിച്ച് 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ഏകദേശം 3.31 ലക്ഷം രൂപ സാമ്പത്തിക നഷ്ടമുണ്ടായതായും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിനുകളുടെ ജനലുകളും വാതിലുകളും തകര്‍ത്തതും നാശനഷ്ടത്തില്‍ ഉള്‍പ്പെടുന്നു. ഇത്തരം സംഭവങ്ങളില്‍ 11 പേരെ അറസ്റ്റ് ചെയ്തതായും കേന്ദ്ര മന്ത്രി പറഞ്ഞു. 

കുംഭമേളയ്ക്കിടെ ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ ദുരന്തത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് നല്‍കിയ നഷ്ടപരിഹാരം സംബന്ധിച്ച് കനിമൊഴി എംപിയുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം. കുംഭമേളയോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പ്രയാഗ്‌രാജ് റെയില്‍വേ സ്റ്റേഷനുകളില്‍ 12,000 സിസിടിവി കാമറകള്‍ സ്ഥാപിച്ചിരുന്നു. ഇതില്‍ 116 എണ്ണം മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളുന്നതാണ്. കൂടാതെ സ്റ്റേഷനിലുടനീളം 15,000 പേരടങ്ങുന്ന സേനയെ വിന്യസിച്ചു. ഇതോടൊപ്പം യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിനും ട്രെയിന്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും അയോധ്യ, ദീന്‍ ദയാല്‍ ഉപധ്യായ, പട്ന എന്നീ റെയില്‍വേ സ്റ്റേഷനുകളിലും അധികസേനയെ വിന്യസിച്ചതായും അശ്വിനി വൈഷ്ണവ് പറഞ്ഞു. 

നേരത്തെ കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും 22 ട്രെയിനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി കേന്ദ്ര മന്ത്രി ലോക്‌സഭയെ അറിയിച്ചിരുന്നു. ജനുവരി 13 മുതല്‍ കുംഭമേള അവസാനിച്ച ഫെബ്രുവരി 26 വരെ 13,667 ട്രെയിനുകളാണ് ഏര്‍പ്പെടുത്തിയത്. ബിഹാറിലെയും ഉത്തര്‍പ്രദേശിലെയും റെയില്‍വേ സ്റ്റേഷനുകളില്‍ തീര്‍ത്ഥാടകര്‍ നാശനഷ്ടം വരുത്തുന്നതിന്റെയും ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 2023 മുതല്‍ വന്ദേ ഭാരത് ഉള്‍പ്പെടെ 7,900 ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ 5.79 കോടിയുടെ നാശനഷ്ടമുണ്ടായെന്നും മന്ത്രി അറിയിച്ചു.

Exit mobile version