Site iconSite icon Janayugom Online

മഹാരാഷ്ട്ര: മോഡിക്കും ബിജെപിക്കും കനത്ത വെല്ലുവിളി

ലോക‍്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം നരേന്ദ്ര മോഡിയെയും ബിജെപിയെയും മഹാരാഷ്ട്രയില്‍ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി. സംസ്ഥാന ഭരണം എങ്ങനെ നിലനിര്‍ത്തുമെന്നത് മോഡിയെയും അമിത് ഷായെയും സംബന്ധിച്ച് വലിയ ചോദ്യമായി മാറിയിരിക്കുകയാണ്. ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപി നിലംപരിശായി. ലോക‍്സഭാ തെരഞ്ഞെടുപ്പില്‍ മോഡി തരംഗവും ഹിന്ദുത്വ അജണ്ടയും തകര്‍ന്നതാണ്. ഇനി എന്ത് ആയുധമിറക്കും എന്നതാണ് അവര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. പ്രധാനമന്ത്രി പ്രചരണം നടത്തിയ മണ്ഡലങ്ങളിലെല്ലാം ബിജെപി പരാജയപ്പെട്ടിരുന്നു.
മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ പുതിയ ചില പദ്ധതികളുമായി രംഗത്തെത്തിയിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിങ് ചൗഹാന്‍ നടപ്പാക്കിയ പ്രിയ സഹോദരി എന്ന പദ്ധതി പേര് മാറ്റി ലഡ‍്കി ബഹിന്‍ എന്ന പേരില്‍ നടപ്പാക്കുകയാണ്. രാജ്യത്തെ വ്യവസായിക തലസ്ഥാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ ബിജെപിയുടെ അവസ്ഥ പരിതാപകരമാണെന്ന് ഇത് വ്യക്തമാക്കുന്നു. 

പുതിയ ക്ഷേമ പദ്ധതികള്‍ നടപ്പാക്കിയതുകൊണ്ട് സംസ്ഥാനത്ത് സാമ്പത്തികബാധ്യത ഉണ്ടാകുമെന്നല്ലാതെ ബിജെപിക്ക് വലിയ നേട്ടമുണ്ടാകില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയാമായിരുന്നിട്ടും അതിനനുസരിച്ചുള്ള പദ്ധതികളും പരിഹാരങ്ങളും മുന്‍ഗണനാ ക്രമത്തില്‍ നടപ്പാക്കേണ്ടതിന് പകരം കുറുക്കുവഴികളാണ് ബിജെപി ഭരണം തേടുന്നതു്. കഴിഞ്ഞ 10 കൊല്ലത്തിനിടെ ആദ്യമായാണ് ബിജെപി ഇത്തരത്തിലൊരു പ്രതിസന്ധിയിലകപ്പെടുന്നത്. പാര്‍ട്ടിയിലേക്ക് വരുന്ന നേതാക്കളെക്കാള്‍ വിട്ടുപോകുന്നവരുടെ എണ്ണം കൂടിവരികയാണ്. കുറച്ച് മാസം മുമ്പ് ഇതായിരുന്നില്ല സ്ഥിതി. പെട്ടെന്നാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്. മുന്‍ കേന്ദ്രമന്ത്രി സൂര്യകാന്ത പാട്ടീല്‍ ശരദ് പവാറിനൊപ്പം പോയി. മുന്‍ മന്ത്രി മാധവ് കിന്‍ഹാല്‍കര്‍ ബിജെപി വിട്ടു. രണ്ട് നേതാക്കളും മറാത്ത്‌വാഡയില്‍ നിന്നുള്ളവരാണ്. ലക‍്സഭാ തെരഞ്ഞെടുപ്പില്‍ ഈ പ്രദേശത്ത് ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. 

മനോജ് ജാരങ്കേ മറാത്താ സംവരണ പ്രക്ഷോഭവുമായി വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പെട്ടെന്നൊരു പരിഹാരം കാണാന്‍ സര്‍ക്കാരിനാകില്ല. ഇതും ബിജെപിക്ക് വലിയ തലവേദനയാണ്. പിന്നാക്ക‑മറാത്ത സംവരണത്തില്‍ പ്രതിപക്ഷനിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷിയായ മഹായുതി എംഎല്‍എമാര്‍ നിയമസഭയിലെ ഇരുസഭകളിലും കഴിഞ്ഞയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഭരണകക്ഷിയിലെ അസ്വാരസ്യങ്ങളാണ് ഇതിലൂടെ പുറത്തുവന്നത്. പ്രതിപക്ഷം ഈ വിഷയത്തെ വളരെ തന്ത്രപരമായാണ് സമീപിക്കുന്നത്. മറാത്ത വിഭാഗം തങ്ങളുടെ ആനുകൂല്യം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നതായി, ദീര്‍ഘകാലമായി ബിജെപിക്കൊപ്പം നില്‍ക്കുന്ന പിന്നാക്കക്കാര്‍ക്ക് തോന്നലുണ്ട്. ഇതിനുപുറമേ ബിജെപിക്കുള്ളിലും പ്രാദേശിക പ്രശ്നങ്ങള്‍ നീറുകയാണ്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വന്നവര്‍ക്ക് സ്ഥാനങ്ങള്‍ ലഭിച്ചത് പഴയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല. 

ഈക്കൊല്ലം അവസാനമാണ് നിയമസഭാ തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ ബിജെപിക്ക് കൂടുതല്‍ സീറ്റുകളുണ്ടായിട്ടും ശിവസേനയുമായുള്ള ഭിന്നതകളെ തുടര്‍ന്ന് കോണ്‍ഗ്രസ് ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയിരുന്നു. പിന്നീട് ശിവസേനയെ പിളര്‍ത്തി ബിജെപി ഭരണം പിടിച്ചെടുക്കുകയായിരുന്നു. പിന്നാലെ ശിവസേനയുടെ ഔദ്യോഗിക പദവി വിമതവിഭാഗം നേടി. ശരദ് പവാറിന്റെ എന്‍സിപിയെയും പിളര്‍ത്തി ബിജെപി തങ്ങള്‍ക്കൊപ്പം നിര്‍ത്തി. എന്നിട്ടും ലോക‍്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. നിയമസഭയിലും അത് ആവര്‍ത്തിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 

Eng­lish Sum­ma­ry: Maha­rash­tra: Big chal­lenge for Modi and BJP
You may also like this video

Exit mobile version