റെഡ്ഫോർട്ടിലെ അതീവ സുരക്ഷാ മേഖലയിൽ വൻ മോഷണം. സ്വർണവും രത്നങ്ങളും ഉൾപ്പെടെ ഒന്നര കോടി രൂപയുടെ വസ്തുക്കൾ മോഷണം പോയി. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്.
കഴിഞ്ഞ മാസം 28 മുതൽ സെപ്റ്റംബർ ഏഴ് വരെ റെഡ് ഫോർട്ടിന് സമീപത്തായി മതപരമായ ചടങ്ങ് നടക്കുന്നുണ്ടായിരുന്നു. ഈ പരിപാടിയിൽ സുധീർ ജെയ്ൻ എന്ന വ്യവസായി കൊണ്ടുവെച്ച സ്വർണം, സ്വർണവും രത്നങ്ങളും പതിച്ച കലശം, അതിന് മുകളിൽ ഉണ്ടായിരുന്ന സ്വർണ തേങ്ങ എന്നിവയാണ് മോഷ്ടാവ് അപഹരിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ലോക്സഭ സ്പീക്കർ ഓം ബിർലയായിരുന്നു ചടങ്ങിൽ വിശിഷ്ട അതിഥി. സ്പീക്കർ വന്നതിന് പിന്നാലെ ആളുകളുടെ ശ്രദ്ധ മുഴുവൻ മാറി. ഈ സമയത്ത് സ്റ്റേജിന് മുകളിൽ വെച്ചിരിക്കുന്ന കലശം കാണാതാകുകയായിരുന്നു. പ്രതിയെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.

