മലബാർ മിൽമ നൽകിവരുന്ന അധിക പാൽ വില മാർച്ച് മാസത്തിലും തുടരും. അധിക പാൽവിലയായി നാലു കോടിയോളം രൂപ മലബാറിലെ ആറു ജില്ലകളിലെ ക്ഷീര കർഷകരിലേക്ക് മാർച്ച് മാസവും എത്തിക്കും. നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടു രൂപ വീതമാണ് അധിക പാൽവിലയായി മിൽമ നൽകി വരുന്നത്. ഫെബ്രുവരി ഒന്നു മുതൽ 28 വരെയായിരുന്നു അധിക പാൽവില നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ന് ചേർന്ന മലബാർ മിൽമ ഭരണ സമിതി യോഗം മാർച്ച് 31വരെ ലിറ്ററിന് രണ്ടു രൂപ വീതമുള്ള അധിക പാൽ വില നൽകുന്നത് തുടരാൻ തീരുമാനിക്കുകയായിരുന്നു.
ഡെയറിയിൽ ലഭിക്കുന്ന നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടു രൂപവീതം അധികപാൽവിലയായി മിൽമ ക്ഷീരസംഘങ്ങൾക്കും സംഘങ്ങൾ ക്ഷീര കർഷകർക്കും നൽകും. അധിക പാൽവില കൂടി കൂട്ടുമ്പോൾ മിൽമ ക്ഷീര സംഘങ്ങൾക്ക് ഒരു ലിറ്റർ പാലിന് നൽകി വരുന്ന്ത് 47.59 രൂപയാണ്. 2023 സാമ്പത്തിക വർഷത്തിൽ ഫെബ്രുവരി മാസം വരെ അധിക പാൽവിലയായി എട്ടു കോടി രൂപ മലബാർ മേഖലാ യൂണിയൻ ക്ഷീരകർഷകർക്ക് നൽകിക്കഴിഞ്ഞുവെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.
English Summary: Malabar Milma will give additional milk price to dairy farmers
You may also like this video