ഓൺലൈൻ തട്ടിപ്പിലൂടെ മലയാളികളായ ഡോകടർ ദമ്പതിമാരിൽ ഏഴരക്കോടി രൂപ തട്ടിയ രണ്ട് തായ്‌വാൻ സ്വദേശികൾ പിടിയിൽ. ഓഹരി വിപണിയിൽ നിന്നും അമിത ലാഭം നേടിക്കൊടുക്കാം എന്ന പറഞ്ഞാണ് ദമ്പതികളിൽ നിന്ന് ഇവർ കോടികൾ തട്ടിയെടുത്തത്. തായ്‌വാൻ സ്വദേശികളായ വെയ് ചുങ് വാൻ, ഷെൻ ഹോ എന്നിവരാണ് ഗുജറാത്ത് പൊലീസിൻറെ പിടിയിലായത്. പിന്നീട് ഇവരെ കേരള പൊലീസിന് കൈമാറി.
കേരളത്തിൽ രജിസ്റ്റർ ചെയ്ത ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പ് കേസാണിത്. 20 തവണയായാണ് ഇവർ ദമ്പതികളിൽ നിന്നും ഏഴരക്കോടി രൂപ തട്ടിയത്. തട്ടിപ്പ് മനസിലാക്കിയ ഡോക്ടർ ദമ്പതികൾ ചേർത്തല പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് സ്വദേശികളായ അനസ്, പ്രവീഷ്, അബ്ദുൾ സമദ്, എന്നിവരെയും ഇതര സംസ്ഥാനക്കാരായ ഭഗവൽ റാം, നിർമൽ ജയ്ൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതോടെയാമ് ചൈന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു തട്ടിപ്പ് റാക്കറ്റിനെപ്പറ്റി വിവരം ലഭിക്കുന്നത്. എന്നാൽ ചില നയതന്ത്ര പരിമിതികൾ മൂലം ഇവരിലേക്ക് നേരിട്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇതിനിടെ അഹമ്മദബാദ് പൊലീസ് രണ്ട് ചൈനീസ് പൌരന്മാെരെ അറസ്റ്റ് ചെയ്തെന്ന വിവരം ലഭിക്കുകയും കേരള പൊലീസ് സംഘം അവിടെയെത്തി കോടതി വഴി ഇവരെ കസ്റ്റഡിയിൽ വാങ്ങുകയുമായിരുന്നു. തുടർന്ന് പ്രതികളെ ചേർത്തല സ്റ്റേഷനിലെത്തിക്കുകയായിരുന്നു. നാളെ ഇവരെ കോടതിയിൽ ഹാജരാക്കും.

