Site iconSite icon Janayugom Online

വിമാന ദുരന്തത്തിൽ മരിച്ചവരിൽ മലയാളി നഴ്‌സും; നീറുന്ന ഓർമ്മയായി പത്തനംതിട്ട സ്വദേശിനി ര‍ഞ്ജിത ആർനായർ

വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി നഴ്‌സും. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ ര‍ഞ്ജിത ആർനായർ (39) ആണ് മരിച്ചതായി സ്ഥിരീകരിച്ചത്. ഒമാനില്‍ നഴ്സായിരുന്ന രഞ്ജിതയ്ക്ക് അടുത്തിടെ യുകെയില്‍ നഴ്സായി ജോലി ലഭിച്ചിരുന്നു. ഇന്നലെയായിരുന്നു രഞ്ജിത വീട്ടില്‍ നിന്ന് പോയത്. കൊച്ചിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് വിമാനം കയറി. അവിടെ നിന്ന് യു കെയിലേക്ക് ജോലിയിൽ പ്രവേശിക്കാൻ പോകവേയായിരുന്നു ദുരന്തം. 

അമ്മയും മകനും മകളുമാണ് രഞ്ജിതയുടെ വീട്ടിലുള്ളത്. വീട് നിർമാണം നടന്നുകൊണ്ടിരിക്കെയാണ് ദുരന്തമെത്തിയത്. രഞ്ജിത കോഴഞ്ചേരി ഗവണ്‍മെന്റ് ആശുപത്രിയിലെ സ്റ്റാഫായിരുന്നു. അഞ്ച് വർഷത്തെ അവധിയെടുത്താണ് വിദേശത്തേക്ക് പോയത്. മൂത്ത മകൻ പത്താം ക്ലാസിലാണ്. മകള്‍ ഏഴാം ക്ലാസിലും. രണ്ട് സഹോദരന്മാരുണ്ട്. ര‌ഞ്ജിതയുടെ പിതാവ്‌ ഗോപകുമാർ നേരത്തെ മരിച്ചു.

Exit mobile version