Site iconSite icon Janayugom Online

മ്യാന്മറിൽ സൈബർ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ക്കുടുങ്ങി മലയാളികൾ

വിദേശത്ത് ജോലിക്കായി പോയ മലയാളി യുവാക്കൾ മ്യാന്മറിൽ ആയുധധാരികളായ സൈബർ തട്ടിപ്പ് സംഘത്തിന്റെ വലയിൽ. എളമക്കര, ചങ്ങനാശേരി സ്വദേശികളാണ് കെണിയിൽ അകപ്പെട്ടിരിക്കുന്നത്. എളമക്കര സ്വദേശിയുടെ മാതാപിതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് ഇക്കാര്യം അറിയിച്ചത്. 

ദുബായിൽ പ്രവർത്തിക്കുന്ന ഡേ ടുഡേ എന്ന കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ഇടനിലക്കാരിയായ എറണാകുളം വടുതല സ്വദേശിനി വഴിയാണ് ഇവർ മ്യാന്മറിൽ എത്തിയത്. യുവതി ഇവരിൽ നിന്നും 40,000 രൂപ വീതം കൈപ്പറ്റിയിരുന്നു. പിന്നീട് ദുബായിലെ കമ്പനിയിൽ ഒഴിവില്ലെന്നും പകരം തായ്‌ലൻഡിലെ ബാങ്കോക്ക് ബ്രാഞ്ചിൽ ജോലി ശരിയാക്കിയെന്ന് വിശ്വസിപ്പിച്ച് ആദ്യം ബാങ്കോക്കിലേക്കും ഇവിടെ നിന്ന് വാഹനത്തിലും ബോട്ടിലുമായി മ്യാന്മാറിലേക്കും കടത്തുകയായിരുന്നു. ഇവിടെ പട്ടാള വേഷധാരികളായ മലയാളികൾ ഉൾപ്പെടുന്ന ഓൺലൈൻ തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തി ഭക്ഷണം പോലും നൽകാതെ ഇരുവരെയും പീഡിപ്പിച്ച് ജോലി ചെയ്യിപ്പിക്കുകയാണെന്ന് മാതാപിതാക്കൾ പറഞ്ഞു. 

ദുബായിൽ ഒഴിവുവരുമ്പോൾ അവിടേക്ക് മാറ്റാമെന്നു വിശ്വസിപ്പിച്ച് സെപ്റ്റംബർ 28നാണ് ബാങ്കോക്കിൽ എത്തിച്ചത്. ഓൺലൈൻ തട്ടിപ്പ് കേന്ദ്രമാണെന്ന് മനസിലാക്കിയ ഇവർ തുടരാന്‍ വിസമ്മതിച്ചെങ്കിലും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ജോലി ചെയ്യിപ്പിച്ച് വരികയാണ്.
മലയാളികളടക്കമുള്ള നൂറു കണക്കിന് ഇന്ത്യക്കാർ അവിടെ കുടുങ്ങി കിടക്കുകയാണെന്നും ഇവർ പറയുന്നു.
ഇതുസംബന്ധിച്ച് വിദേശ മന്ത്രാലയത്തിനും മ്യാന്മമറിലെ ഇന്ത്യൻ എംബസിക്കും കേരള മുഖ്യമന്ത്രി, എംപിമാര്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവര്‍ക്കും പരാതി നൽകിയിട്ടുണ്ട്. 

Exit mobile version