എറണാകുളം മലയാറ്റൂരില്‍ കാണാതായ 19 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.
സംഭവത്തിൽ പെൺകുട്ടിയുടെ ആൺ സുഹൃത്ത് അറസ്റ്റിലായി. ആൺ സുഹൃത്ത് അലൻ ആണ് അറസ്റ്റിലായത്. പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചു കഴിഞ്ഞു. അതേസമയം പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ നടക്കും. പെൺകുട്ടിയുടെ മൃതദേഹത്തിൽ തലക്കും ശരീരത്തിലും പരിക്കുണ്ട്.
ഇന്നലെ ഉച്ചയോടെ മണപ്പാട്ട് ചിറ സെബിയൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മുണ്ടങ്ങാമറ്റം തുരുത്തി പറമ്പിൽ വീട്ടിൽ 19 വയസുള്ള ചിത്രപ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബംഗളുരുവിൽ ഏവിയേഷൻ ബിരുദ വിദ്യാർത്ഥിയാണ് ചിത്രപ്രിയ. ശനിയാഴ്ച മുതലാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് വീട്ടുകാർ കാലടി പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് വീട്ടിൽ നിന്നും ഒരുകിലോമീറ്ററോളം അകലെയായി അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

