Site iconSite icon Janayugom Online

കേരളം പലതിലും മാതൃക; സാമൂഹ്യ സൂചികകൾ പലപ്പോഴും ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ടെന്നും മമ്മൂട്ടി

കേരളം പലതിലും മാതൃകയാണെന്നും സാമൂഹ്യ സൂചികകൾ പലപ്പോഴും ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ടെന്നും നടൻ മമ്മൂട്ടി. ലോകത്തെ അതിസമ്പന്ന രാജ്യങ്ങളുടെ 20 ശതമാനം പോലുമില്ലാ​ത്ത കേരളമാണ് ഇത്രയും വലിയ നേട്ടങ്ങൾ കൊയ്യുന്നത്. സാമൂഹിക സേവന രംഗത്ത് നമ്മൾ ഒരുപാട് മുന്നിലാണ്. ഈ നേട്ടങ്ങളെല്ലാം കൈവന്നത് നമ്മുടെ സാമൂഹിക ബോധത്തിന്റെ, ജനാധിപത്യബോധത്തിന്റെ ഫലമായാണെന്നും മമ്മൂട്ടി പറഞ്ഞു. അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥി ആയി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അഞ്ചെട്ടുമാസത്തിന് ശേഷം ആദ്യമായാണ് ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. അത് കേരളപ്പിറവി ദിനത്തില്‍ തന്നെ ആയതില്‍ സന്തോഷമുണ്ട്. കേരളത്തിന് എന്നേക്കാള്‍ നാലഞ്ചുവയസ്സു കുറവാണെന്നും കേരളം തന്നെക്കാൾ ഇളയതും ചെറുപ്പവുമാണെന്നും മമ്മൂട്ടി പറഞ്ഞു. കുറച്ചു മാസങ്ങളായി ഒരു പൊതുവേദിയിലോ നാട്ടിലോ ഇറങ്ങാത്ത ആളായ താൻ ഇന്ന് വന്നപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന വികസനമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി അതിദാരിദ്ര്യ മുക്ത കേരളത്തെ പ്രഖ്യാപിക്കുമ്പോൾ അതിലും വലിയ ഉത്തരവാദിത്വമേറ്റെടുക്കുന്നുവെന്നാണ് മനസിലാക്കുന്നത്. അതിദാരിദ്ര്യത്തിൽ നിന്ന് മാത്രമേ നാം മുക്തരായിട്ടുള്ളൂ. ദാരിദ്ര്യം ഇനിയും നമ്മുടെ മുന്നിൽ ബാക്കിയാണ്. ഒരുപാട് പ്രതിസന്ധികളെ കേരളം തോളോട് തോൾ ചേർന്ന് അഭിമുഖീകരിച്ചിട്ടുണ്ട്. സ്വാത​ന്ത്രലബ്ദിക്ക്​ ശേഷം ദാരിദ്ര്യരേഖ ഈ നിലയിൽ എത്തിച്ചത് നമ്മുടെ സാമൂഹ്യബോധമാണ്. പരസ്പര സ്നേഹവും വിശ്വാസവും അതിർവരമ്പുകളില്ലാതെയുള്ള സാഹോദര്യവുമാണ് നമ്മുടെ സാമൂഹിക സമ്പത്ത്. ഭരണ നേതൃ​ത്വത്തിൽ അർപ്പിക്കപ്പെട്ടിട്ടുള്ള ഉത്തരവാദിത്വം വളരെ വിശ്വാസപൂർവം നിർവഹിക്കും എന്നാണ് താൻ വിശ്വസിക്കുന്നത്. അതിന്, ജനങ്ങളിൽ നിന്ന് സാഹോദര്യബോധവും സമർപ്പണവുമുണ്ടാവണം. അതുണ്ടാവുമെന്നാണ് വിശ്വസിക്കുന്നതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

Exit mobile version