സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പൊലീസ് പിടിയിൽ. കക്കോടി മുക്ക് സ്വദേശിയായ ബാഗു എന്ന കുന്നത്ത് പടിക്കൽ ബിനേഷി (37) നെയാണ് നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പി പ്രകാശന്റെ നേതൃത്വത്തിലുള്ള ഡൻസാഫും നടക്കാവ് പൊലീസും ചേർന്ന് പിടികൂടിയത്.
സിവിൽ സ്റ്റേഷന് സമീപത്ത് വച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന് ഗ്രാം എംഡിഎംഎ സഹിതം പിടികൂടിയത്. വിദ്യാർത്ഥികളെ ആകർഷിക്കാൻ കാരംസ് ക്ളബ്ബിന്റെ മറവിലായിരുന്നു എംഡിഎംഎ വില്പന നടത്തിയിരുന്നത്. നടക്കാവ് ഇൻസ്പെക്ടർ പി കെ ജിജീഷിന്റെ നേതൃത്വത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്നും മുപ്പത്തിഒന്നായിരം രൂപയും മയക്കുമരുന്ന് വില്പനയുമായി ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തു.
ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ് ശ്രീനിവാസിന്റെ നിർദ്ദേശപ്രകാരം രാത്രികാല പരിശോധന ശക്തമാക്കിയ ഡൻസാഫ് കഴിഞ്ഞ കുറെ ദിവസങ്ങളായി ഈസ്റ്റ് ഹിൽ കാരപ്പറമ്പ് ഭാഗങ്ങളിൽ എംഡിഎംഎ വില്പന നടത്തുന്ന സംഘത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഡൻസാഫ് സ്ക്വാഡ് അംഗങ്ങളായ എ എസ് ഐ മനോജ് എടയേടത്ത്, സീനിയർ സിപിഓ കെ അഖിലേഷ്, സി പിഒ മാരായ ജിനേഷ് ചൂലൂർ, അർജുൻ അജിത്ത്, നടക്കാവ് പൊലീസ് സ്റ്റേഷനിലെ എസ്ഐ മാരായ എസ് ബി കൈലാസ് നാഥ്, ശ്രീഹരി, കിരൺ ശശിധരൻ, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ സന്തോഷ് മമ്പാട്, സീനിയർ സിപിഒ ഹരീഷ്, ഡ്രൈവർ സിപിഒ ഷാജിഖ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
English Summary: man arrested mdma supply
You may also like this video