Site iconSite icon Janayugom Online

കാമുകിയെ വിട്ടുകിട്ടാൻ വിവാഹിതനാണെന്ന വിവരം മറച്ചുവച്ചു; 25,000 രൂപ പിഴ ചുമത്തി ഹൈക്കോടതി

habeas corpushabeas corpus

വിവാഹിതനാണെന്നതു മറച്ചുവെച്ച് കാമുകിയെ വിട്ടുകിട്ടാന്‍ ഹർജി ഫയൽ ചെയ്ത യുവാവിന് ഹൈക്കോടതി പിഴ ചുമത്തി. കാമുകിയെ വീട്ടുകാർ തടവിലാക്കിയിരിക്കുകയാണെന്നാരോപിച്ചാണ് തിരുവനന്തപുരം കാട്ടാക്കട സ്വദേശി എച്ച് ഷമീർ ഹൈക്കോടതിയിൽ ഹേബിയസ് കോര്‍പ്പസ് ഫയൽ ചെയ്തത്. എന്നാൽ വിവാഹിതനാണെന്ന സുപ്രധാന വിവരം മറച്ചുവച്ചായിരുന്നു ഹർജി. തുടർന്നാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസും ജസ്റ്റിസ് സോഫി തോമസും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് 25,000 രൂപ പിഴ ചുമത്തിയത്. നെയ്യാറ്റിന്‍കര സ്വദേശിനിയായ കാമുകി അഞ്ജനയെ പിതാവും സഹോദരനും തടവിലാക്കിയിരിക്കുകയാണെന്നാണ് ഹർജിയിൽ പറയുന്നത്. എന്നാൽ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം മുന്‍പ് അശ്വതി എന്നൊരു യുവതിയെ വിവാഹം കഴിച്ച വിവരം ഹര്‍ജിക്കാരന്‍ മറച്ചുവച്ചു. ഹര്‍ജി കോടതിയുടെ പരിഗണനയ്ക്കു വന്ന ശേഷമാണ് മുന്‍പ് വിവാഹിതനായിരുന്നുവെന്നും ഭാര്യ കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും അറിയിച്ചത്.
വിവാഹമോചനത്തിന് എതിര്‍പ്പില്ലെന്ന് താന്‍ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള കുടുംബക്കോടതിയുടെ ഉത്തരവ് ഉടനുണ്ടാകുമെന്നാണ് കരുതുന്നതെന്നും വിശദീകരിച്ചു. പ്രധാനപ്പെട്ട ഈ വിവരം മറച്ചുവെച്ചതില്‍ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. എന്നാല്‍, സംഭവത്തില്‍ നിരുപാധികം മാപ്പുചോദിച്ച ഷമീര്‍ പിഴയൊടുക്കാന്‍ തയ്യാറാണെന്നും അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി യുവതിയോട് കോടതി വിവരങ്ങള്‍ തിരക്കി. തനിക്ക് ഹര്‍ജിക്കാരനോടൊപ്പം ജീവിക്കണമെന്നും തന്നെ തടവിലാക്കിയിരിക്കുകയാണെന്നും യുവതി കോടതിയെ അറിയിച്ചു. തുടർന്ന് മുന്‍ വിവാഹത്തെക്കുറിച്ചും വിവാഹമോചന നടപടികളെക്കുറിച്ചുമുള്ള നടപടികള്‍ വിശദീകരിച്ച് സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കോടതി ഹര്‍ജിക്കാരനോട് നിര്‍ദേശിച്ചു. സാധാരണ സാഹചര്യത്തില്‍ വസ്തുതകള്‍ മറച്ചുവെച്ചതിന് ഹര്‍ജി തള്ളേണ്ടതാണെങ്കിലും കേസിന്റെ പ്രത്യേകത കണക്കിലെടുത്ത് അനുവദിക്കുകയാണെന്ന് വ്യക്തമാക്കിയാണ് ഹര്‍ജിക്കാരന് പിഴ ചുമത്തിയത്. ഒരാഴ്ചയ്ക്കകം പിഴ അടച്ചില്ലെങ്കില്‍ ഹര്‍ജി തള്ളുമെന്നും വ്യക്തമാക്കി. വിവാഹമോചനക്കേസിന്റെ വിശദാംശങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ അറിയിക്കാന്‍ തിരുവനന്തപുരം കുടുംബക്കോടതിക്കും നിര്‍ദേശം നല്‍കി.

Eng­lish Sum­ma­ry: man hide the fact that he was mar­ried and files habeas cor­pus for lover; The High Court imposed a fine of Rs.25,000

You may like this video also

Exit mobile version