ആശ്രാമത്തുണ്ടായ വാഹനാപകടത്തിൽ വയോധികന്‍ മരിച്ചത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. ബിഎസ്എൻഎല്ലിലെ മുന്‍ ഡിവിഷണൽ എൻജിനീയറായിരുന്ന പാപ്പച്ചനെ, സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ വനിതാ മാനേജർ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തുകയായിരുന്നു. സ്ഥിരനിക്ഷേപമായി ബാങ്കിൽ ഇട്ടിരുന്ന 80 ലക്ഷത്തോളം രൂപ തട്ടിയെടുക്കാനായിരുന്നു കൊലപാതകം.
സംഭവത്തിൽ കൊല്ലം ഈസ്റ്റ് പൊലീസ് അഞ്ച് പേരെ പിടികൂടി. പണമിടപാട് സ്ഥാപനത്തില്‍ മാനേജരായിരുന്ന തേവള്ളി കാവിൽ ഹൗസിൽ സരിത (45), മരുത്തടി വാസുപ്പിള്ള ജങ്ഷനിൽ അനൂപ് (37), പോളയത്തോട് സൽമ മൻസിലിൽ ഹാഷിഫ് അലി (27), പോളയത്തോട് അനിമോൻ മൻസിലിൽ അനിമോൻ (44), കടപ്പാക്കട വയലിൽ പുത്തൻവീട്ടിൽ മഹീൻ (47) എന്നിവരാണ് അറസ്റ്റിലായത്.
മേയ് 23നാണ് കേസിനാസ്പദമായ സംഭവം. സൈക്കിൾ യാത്രികനായ പാപ്പച്ചനെ കാർ ഇടിക്കുകയും സംഭവസ്ഥലത്തുവച്ചുതന്നെ മരിക്കുകയുമായിരുന്നു. ബന്ധുക്കളിൽ നിന്ന് അകന്ന് ജീവിക്കുകയായിരന്ന പാപ്പച്ചന്‍ വിരമിക്കൽ ആനുകൂല്യമായി കിട്ടിയ പണം സ്വകാര്യ ബാങ്കിൽ സ്ഥിരനിക്ഷേപമായി ഇട്ടിരുന്നു. ഇതില്‍ നിന്ന് മാനേജരാറായ സരിത 40 ലക്ഷം തട്ടിയെടുത്തു. ഇതറിഞ്ഞ പാപ്പച്ചന്‍ ചോദ്യം ചെയ്തിരുന്നു. ഇതോടെ പാപ്പച്ചനെ കൊല്ലാൻ അനിമോന് ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. ഇതിന് സഹപ്രവർത്തകനായ അനൂപിനെ ഒപ്പം കൂട്ടി. അനിമോൻ മൂന്ന് തവണ പാപ്പച്ചനെ കൊല്ലാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കാർ വാടകയ്ക്കെടുത്ത് പാപ്പച്ചൻ യാത്രചെയ്ത സൈക്കിളിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.
ഇടിച്ച കാർ കണ്ടെത്താൻ പൊലീസ് നടത്തിയ അന്വേഷണവും ബന്ധുക്കളുടെ സംശയവുമാണ് കേസില്‍ വഴിത്തിരിവുണ്ടാക്കിയത്. പാപ്പച്ചന്റെ മരണശേഷം ഇയാളുടെ നിക്ഷേപങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്ന മക്കൾ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തുകയും പണത്തെപ്പറ്റി അന്വേഷിക്കുകയും ചെയ്തു. മരിക്കുന്നതിന് കുറച്ചുദിവസം മുമ്പ് പാപ്പച്ചൻ പകുതി പണം തിരിച്ചെടുത്തതായി മാനേജർ പറഞ്ഞു. എന്നാൽ ഈ പണം എന്തിനുപയോഗിച്ചു എന്ന അന്വേഷണത്തിന് വ്യക്തത കിട്ടിയിരുന്നില്ല. വീണ്ടും സ്ഥാപനത്തിലെത്തിയ ബന്ധുക്കളെ പാപ്പച്ചന്റെ കള്ളയൊപ്പിട്ട ചെക്ക് ലീഫ് മാനേജർ കാണിച്ചു. ഇതാണ് സംശയത്തിനിടയാക്കിയത്.
പാപ്പച്ചന്റെ മരണം റോഡപകടമാണെന്ന നിഗമനത്തിൽ അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുമ്പോഴാണ് ഞെട്ടിക്കുന്ന വസ്തുതകൾ പുറത്തുവന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന്റെ വിശദമായ അന്വേഷണത്തിലാണ് കൊലപാതകം തിരിച്ചറിഞ്ഞത്.
English Summary: man killed to extort investment; A woman manager of a financial institution was arrested
You may also like this video