മംഗള ലക്ഷദ്വീപ് എക്സ്പ്രസിന് ഷൊർണൂരിൽ വച്ച് എൻജിൻ തകരാറുണ്ടായതിനെ തുടർന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള നിരവധി ട്രെയിനുകൾ വൈകിയോടുന്നു. ഇന്ന് പുലർച്ചെ ആറു മണിയോടെ ഷൊർണൂരിന് സമീപം മുള്ളൂർക്കരയിൽ വച്ചാണ് മംഗള ലക്ഷദ്വീപ് എക്സ്പ്രസ് എൻജിൻ തകരാറിനെ തുടർന്നു നിലച്ചത്. പിന്നീട് ഷൊർണൂരിൽ നിന്ന് എൻജിൻ കൊണ്ടുവന്ന് ട്രെയിൻ വള്ളത്തോൾ നഗർ സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു. അതിന്ശേഷമാണ് മറ്റു ട്രെയിനുകൾ കടത്തിവിട്ടത്.
ഇത് മൂലം തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ മൂന്നു മണിക്കൂറോളം വൈകി. പിന്നീട് തകരാർ പരിഹരിച്ച് മംഗള ലക്ഷദ്വീപ് എക്സ്പ്രസ് യാത്ര തുടർന്നു. രാവിലെ എട്ടു മണിക്ക് എറണാകുളത്ത് എത്തേണ്ടിയിരുന്ന ട്രെയിൻ 11 മണിയോടെയായിരിക്കും എത്തുക. കണ്ണൂര്‍— ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് നാലു മണിക്കൂര്‍ വൈകിയാണ് ഓടിയത്. കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് ഒന്നര മണിക്കൂറോളം വൈകിയാണ് ഓടുന്നത്.

