Site iconSite icon Janayugom Online

കണ്ടല്‍ക്കാടുകളും പ്രകൃതി സംരക്ഷണവും

mangrovesmangroves

ന്ത്യയിലെ കാലാവസ്ഥാ പഠന കേന്ദ്രത്തിന്റെ കണക്കനുസരിച്ച് 1891നും 2018നും ഇടയ്ക്ക് അറബിക്കടല്‍ തീരത്ത് ചുഴലിക്കാറ്റ് 126 പ്രാവശ്യവും ബംഗാള്‍ കടല്‍ത്തീരത്ത് 520 പ്രാവശ്യവും നാശം വിതച്ചിട്ടുണ്ട്. കടല്‍ വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് 2050 ആകുമ്പോള്‍ 36 ദശലക്ഷം പേര്‍ കടുത്ത വെള്ളപ്പൊക്ക ഭീഷണി നേരിടുമെന്നാണ് കണക്കാക്കുന്നത്. കടലാക്രമണം തടയുവാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോഗിച്ചിട്ടുപോലും തീരവും റോഡും പൂര്‍ണമായും സംരക്ഷിക്കുവാന്‍ കഴിയാത്ത അനുഭവമാണ്. ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റിന്റെ ജൂലൈ 2020ലെ റിപ്പോര്‍ട്ടു പ്രകാരം ഇന്ത്യയില്‍ 2017നു ശേഷം 5188 ചതുരശ്ര വന വിസ്തൃതി കൂടിയിട്ടുണ്ടെന്നാണ്. 2020 ലെ ഗ്ലോബല്‍ ഫോറസ്റ്റ് റിസോഴ്സ് അസസ്മെന്റ് പ്രകാരം മികച്ച 10 രാജ്യങ്ങളില്‍ ഇന്ത്യക്ക് മൂന്നാം റാങ്കാണ്.

ശക്തമായ വേലിയേറ്റമോ വേലിയിറക്കമോ തിരമാലയോ ഉണ്ടാകുമ്പോള്‍ കണ്ടല്‍ച്ചെടികളുടെ വേര് മണ്ണിനെ ഒഴുകിപ്പോകാനനുവദിക്കാതെ നിലനിര്‍ത്തുന്നു. കണ്ടല്‍ച്ചെടികളുടെ ഊന്നുവേരുകള്‍ക്കും കാണ്ഡത്തിനും ചില്ലകള്‍ക്കും ശക്തമായ കാറ്റിനെയും തിരമാലയെയും ചെറുത്തുനില്‍ക്കാന്‍ പ്രകൃതിദത്തമായ ശേഷിയുണ്ട്. തിരമാലയുടെ 66 ശതമാനം ശക്തിവരെ കുറയ്ക്കുവാന്‍ 100 മീറ്റര്‍ വീതിയുള്ള ചെറിയ ഒരു കണ്ടല്‍ക്കാടിന് കഴിയുന്നു.


ഇതുകൂടി വായിക്കൂ:  ജാഗ്രത ആവശ്യപ്പെടുന്ന ഉഷ്ണകാലം വീണ്ടും


തിരകള്‍ തീരത്തെ തല്ലിത്തകര്‍ക്കുമ്പോള്‍ ജീവിതോപാധികള്‍ നഷ്ടപ്പെട്ട പ്രദേശവാസികള്‍ തീരാദുഃഖത്തില്‍പ്പെടുന്നു. കടല്‍ക്ഷോഭത്തില്‍ വന്‍തിരകള്‍ തീരത്തെയും തീരപ്രദേശത്തെ കരിങ്കല്‍ ഭിത്തികളെയും തകര്‍ത്തശേഷം സമീപത്തെ റോഡും വീടുകളും ഉള്‍പ്പെടെ കലിതുള്ളി കടല്‍ കാര്‍ന്നെടുക്കുന്നു. തകര്‍ന്ന തീരപ്രദേശത്തെ പൂര്‍വസ്ഥിതിയിലെത്തിക്കുന്നത് ശ്രമകരവും ചെലവേറിയതുമാണ്.

കടലിന്റെയും നദികളുടെയും തീരങ്ങളെ പരിപൂര്‍ണമായി സംരക്ഷിക്കുവാന്‍ പരിസ്ഥിതി സൗഹാര്‍ദ്ദവും കരുത്തുറ്റതും ചെലവ് കുറഞ്ഞതുമാണ് തീരങ്ങളിലെ കണ്ടല്‍ വൃക്ഷനിരകള്‍.

അഴിമുഖങ്ങളിലും നദീതീരങ്ങളിലും കാണപ്പെടുന്ന പ്രത്യേകതരം സസ്യജാലമാണ് കണ്ടല്‍ക്കാടുകള്‍. ലോകത്താകെ എണ്‍പതിലധികം രാജ്യങ്ങളിലായി 1.4 കോടി ഹെക്ടറും ഇന്ത്യയില്‍ 6750 ചതുരശ്ര കിലോമീറ്റര്‍ കണ്ടല്‍ക്കാടുകളുമുണ്ട്. പത്തോളം സസ്യകുടുംബങ്ങളില്‍പ്പെട്ട ചെറുചെടികളും വൃക്ഷങ്ങളുമടങ്ങുന്ന 26 സസ്യവര്‍ഗങ്ങള്‍ കണ്ടല്‍ച്ചെടികളിലുള്‍പ്പെടുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ചിലയിനം കണ്ടല്‍ സസ്യങ്ങള്‍ ഔഷധഗുണമുള്ളതുമാണ്. ഇവയ്ക്ക് അഗ്നിശിഖ എന്നാണ് ഔഷധീയനാമം.

നദിക്കരയിലെ ലവണാംശമുള്ള മണ്ണിലെ നിലനില്പിന് അനുയോജ്യമായ ചില പ്രത്യേക സ്വഭാവങ്ങള്‍ കണ്ടല്‍ സസ്യങ്ങള്‍ക്കുണ്ട്. ശാഖകളില്‍ നിന്ന് മണ്ണിലേക്ക് ധാരാളമായി വളരുന്ന ഊന്നുവേരുകള്‍ അയഞ്ഞ മണ്ണില്‍ സസ്യങ്ങളെ ഉറപ്പിച്ചു നിര്‍ത്തുന്നതിനാല്‍ ശക്തിയായ ഒഴുക്ക്, കൊടുങ്കാറ്റ്, ഉഗ്രമായ തിരമാല തുടങ്ങിയവയില്‍ നിന്ന് ചെടികള്‍ക്ക് സംരക്ഷണം ലഭിക്കുന്നു. മാതൃസസ്യത്തില്‍ നിന്നും മുളച്ചതിനുശേഷമാണ് വിത്തുകള്‍ നിലംപതിക്കുന്ന ‘വിവിപരറ്റി’ എന്ന സവിശേഷതയും കണ്ടല്‍ സസ്യങ്ങള്‍ക്കുണ്ട്.


ഇതുകൂടി വായിക്കൂ: കാടിനെയറിഞ്ഞ സുധാമ്മ


വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങള്‍ക്ക് പ്രകൃതി ഒരുക്കുന്ന ഒരു വാസസ്ഥലമായി കണ്ടല്‍ക്കാടുകള്‍ മാറുന്നു. നദികളില്‍ വെള്ളപ്പൊക്കത്താലുണ്ടാകുന്ന കെടുതികള്‍ കുറയ്ക്കുന്നതിനും, കരയില്‍ നിന്നും നദികളില്‍ നിന്നും ഒലിച്ചുവരുന്ന ചെളിയും ചപ്പുചവറുകളും മറ്റ് മാലിന്യങ്ങളും അരിച്ചുമാറ്റുന്നതു വഴി കടല്‍ജലത്തിന്റെ ശുദ്ധിക്കും കണ്ടല്‍ സസ്യങ്ങള്‍ ഉപകരിക്കുന്നു.

കണ്ടല്‍ വൃക്ഷങ്ങളില്‍ നിന്ന് തടിയും വിറകും ലഭിക്കുന്നു. കൂടാതെ വൃക്ഷങ്ങളുടെ പുറംതൊലി തുകല്‍ വ്യവസായത്തിനും ചിലയിനം കണ്ടല്‍ സസ്യങ്ങള്‍ ഔഷധത്തിനും ഉപയോഗിക്കുന്നു. അതിസാരം, രക്തസമ്മര്‍ദ്ദം, ആസ്മ, വെെറല്‍-ബാക്ടീരിയല്‍ പകര്‍ച്ച വ്യാധികള്‍, പാമ്പുകടി എന്നിവയ്ക്ക് ഉള്‍പ്പെടെയുള്ള മരുന്ന് കണ്ടല്‍ സസ്യങ്ങളില്‍ നിന്നും നിര്‍മ്മിക്കാനാകുന്നു. ഫോട്ടോ സിന്തസെെസ് പ്രക്രിയ നടക്കുമ്പോള്‍ കണ്ടല്‍ സസ്യങ്ങള്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡെെ ഓക്സെെഡ് പിടിച്ചെടുത്ത് ഇലകളിലും ശിഖരങ്ങളിലും വേരിലും കാണ്ഡത്തിലും ധാരാളമായി ശേഖരിക്കുന്നു. ഇത് കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാകുന്ന ആഗോള താപനത്തെ കുറയ്ക്കുന്നു.

മത്സ്യങ്ങള്‍ക്കും മറ്റ് ജലജീവികള്‍ക്കും പക്ഷികള്‍ക്കും തേനീച്ചകള്‍ക്കും വാനരന്മാര്‍ക്കും കണ്ടല്‍ക്കാടുകള്‍ ഒരു വാസയോഗ്യസ്ഥലമായും മാറുന്നു. തീരം കണ്ടല്‍ക്കാടുകളാല്‍ മനോഹരമാകുമ്പോള്‍ ഗവേഷകരും സന്ദര്‍ശകരും എത്തുന്നതോടുകൂടി തീരപ്രദേശം ഏവരെയും ആകര്‍ഷിക്കുകയും ചെയ്യുന്നു. ടൂറിസം വികസിക്കുന്നതോടൊപ്പം സമീപവാസികള്‍ക്കുള്ള നിത്യനിദാന ആവശ്യങ്ങള്‍ക്ക് വരുമാനമാര്‍ഗത്തിനും കൂടി കണ്ടല്‍ക്കാടുകള്‍ സഹായകരമാണ്. സമൃദ്ധമായ ജെെവവെെവിധ്യം സൃഷ്ടിക്കുന്നതിലൂടെ പ്രകൃതി സംരക്ഷണത്തിനും വിവിധയിനം കടല്‍ജീവികള്‍ക്കും മത്സ്യങ്ങള്‍ക്കും പക്ഷികള്‍ക്കും മറ്റും പ്രജനനത്തിനും പരിപാലനത്തിനും കണ്ടല്‍ക്കാടുകള്‍ സംരക്ഷണം നല്കുന്നു.


ഇതുകൂടി വായിക്കൂ:  കാലാവസ്ഥാ വ്യതിയാനം 50 ദശലക്ഷം ഇന്ത്യക്കാരുടെ നിലനില്പിന് ഭീഷണി


ഒരു ടണ്‍ കണ്ടല്‍ വൃക്ഷങ്ങളുടെ വിറകില്‍ നിന്നും അഞ്ച് ടണ്‍ ഇന്ത്യന്‍ കല്‍ക്കരി ഉല്പാദിപ്പിക്കാനാകും. ഇത്രയും വിറക് കത്തിക്കുന്നതിലൂടെ പുക പുറന്തള്ളാതെ തന്നെ വളരെയധികം ചൂട് ലഭ്യമാക്കുകയും ചെയ്യുന്നു. ഗ്ലോബല്‍ ഫോറസ്റ്റ് വാച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം 2001നും 2012നുമിടയ്ക്ക് 1,92,000 ഹെക്ടര്‍ പ്രദേശത്തെ കണ്ടല്‍ക്കാടുകള്‍ നശിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേരളത്തിലെ അഴിമുഖങ്ങളും കായല്‍പ്പരപ്പുകളും നദികളുമെല്ലാം കണ്ടല്‍ക്കാടുകള്‍ക്ക് അനുയോജ്യമാണ്. ഭൂമിയില്‍ ഹരിതവര്‍ണം വന്‍തോതില്‍ കുറയുകയും ഹരിത ഗൃഹവാതകം ക്രമാതീതമായി കൂടുകയും ചെയ്യുന്നതിനാല്‍ വന്‍തോതിലുള്ള പാരിസ്ഥിതികാഘാതം ഉണ്ടാകുന്നു.

സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഗവേഷകരും ഗ്ലോബല്‍ കാര്‍ബണ്‍ പ്രോജക്ടും 2010 മുതല്‍ 2017 വരെ നടത്തിയ മലിനീകരണ ഡേറ്റകള്‍ പരിശോധിച്ച ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, സമുദ്രത്തിലെ മഞ്ഞുപാളികള്‍ ഉരുകുന്നതു കാരണം ആര്‍ട്ടിക് ധ്രുവക്കരടികളുടെ എണ്ണത്തില്‍ വന്‍കുറവ് വന്നിട്ടുണ്ടെന്നും ഉയര്‍ന്ന തോതിലുള്ള ഹരിതഗൃഹവാതകമാണ് ഇവയുടെ ജീവനു വെല്ലുവിളി ഉയര്‍ത്തുന്നതെന്നുമാണ്.

കടല്‍ക്ഷോഭം, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയവയെ ശക്തമായി ചെറുത്ത് തീരം സംരക്ഷിക്കുന്നതും പരിസ്ഥിതി സൗഹാര്‍ദ്ദത്തിലൂടെ വംശനാശം സംഭവിക്കുന്ന പക്ഷി മത്സ്യാതികള്‍ക്കനുയോജ്യമായ ആവാസ വ്യവസ്ഥകള്‍ ഒരുക്കി അവയുടെ പ്രജനനം നടത്തുന്നതിനും പരിപാലിക്കുന്നതിനും സഹായിക്കുന്ന കണ്ടല്‍ച്ചെടികളെ തീരങ്ങളില്‍ വളര്‍ത്തി സംരക്ഷിച്ച് പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമാകാം.

Exit mobile version